ഏഴാച്ചേരിയിലെ മോഷണശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
1418391
Wednesday, April 24, 2024 4:14 AM IST
രാമപുരം: കഴിഞ്ഞ ദിവസം ഏഴാച്ചേരിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മോഷണങ്ങളിലും മോഷണശ്രമങ്ങളിലും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി രാമപുരം പോലീസ്. പരാതിക്കാരില്‍നിന്നു മൊഴിയെടുത്ത് വിശദമായ അന്വേഷണമാണ് നടത്തുന്നത്.
ഇതിനിടെ ഒരു സൈക്കിള്‍കൂടി മോഷണം പോയതായുള്ള വിവരവും പുറത്തുവന്നു. ഏഴാച്ചേരി ഗാന്ധിപുരം പുളിയാനിപ്പുഴ ജിതിന്റെ മുപ്പതിനായിരം രൂപ വിലവരുന്ന സ്പോര്‍ട്സ് സൈക്കിളാണ് മോഷണം പോയത്. മൂന്നു വാഹനങ്ങള്‍ക്കൂടി മോഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ഏഴാച്ചേരിയിലെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ചുവരുന്നു.