അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം അത്ഭുത രൂപം
1418392
Wednesday, April 24, 2024 4:14 AM IST
അരുവിത്തുറ: അരുവിത്തുറ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറ വല്യച്ചൻ എന്നു വിശ്വസികൾ വിളിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം വിശ്വാസികൾക്കായി പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു.
ഏതാണ്ട് 700 വർഷങ്ങൾക്ക് മുൻപ് നിലയ്ക്കലിലുണ്ടായ ആക്രമണകാലത്ത് അവിടെനിന്ന് അരുവിത്തുറയിലേക്ക് കുടിയേറിപ്പാർത്ത സുറിയാനി ക്രിസ്ത്യാനികൾ കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്ന തിരുസ്വരൂപമാണ് അരുവിത്തുറ പള്ളിയിലുള്ള വിശുദ്ധ ഗീവർഗീസ് സഹദാ (അരുവിത്തുറ വല്യച്ചൻ)യുടെ തിരുസ്വരൂപം. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായിട്ടാണ് സഹദാ അറിയപ്പെടുന്നത്.
തിരുസ്വരൂപത്തിന്റെ ജീവൻതുടിക്കുന്ന ഭാവം ആരെയും ആകർഷിക്കുന്ന സവിശേഷതയാണ്. ഈ അത്ഭുത രൂപം യാതൊരു മാറ്റവും കൂടാതെ ഏതാണ്ട് 700 കൊല്ലമായി അരുവിത്തുറയിൽ സ്ഥിതിചെയ്യുന്നു. ഏതെങ്കിലും ഒരു കലാകാരൻ ഈ രൂപത്തിൽ റീടച്ചിംഗ് നടത്തിയിട്ടില്ല. ഈ തിരുസ്വരൂപം സ്വന്തമായിരിക്കുന്ന അവസ്ഥയിൽ അഭിമാനം കൊള്ളുന്ന ആധുനിക തലമുറ അമൂല്യമായൊരു നിധിയായി ഈ തിരുസ്വരൂപത്തെ കാത്തുസൂക്ഷിക്കുന്നു.