ഹോളി മാഗി ഫൊറോന ഇടവക 200 വർഷങ്ങൾ പൂർത്തിയാക്കുന്നു
1418396
Wednesday, April 24, 2024 4:14 AM IST
മണിമല: ഹോളി മാഗി ഫൊറോന ഇടവക 200 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ കർമപരിപാടികൾ നടത്തുമെന്ന് വികാരി ഫാ. മാത്യു താന്നിയത്ത് അറിയിച്ചു. ഇടവകയുടെ കീഴിലുള്ള എൽഎഫ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഇതേ അവസരത്തിൽ അരങ്ങേറുമ്പോൾ വൻ ആഘോഷപരിപാടികൾക്കാണ് പദ്ധതിയൊരുങ്ങുന്നത്.
മേയ് 11ന് ജൂബിലി വിളംബരറാലി സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് കറിക്കാട്ടൂർ കുരിശടി ചുറ്റി ആശുപത്രിപ്പടിയിലൂടെ നെല്ലിത്താനം കുരിശടിയിലെത്തിച്ചേർന്ന് ഇടവക ദേവാലയത്തിലേക്ക് ഒന്നിച്ചു നീങ്ങും. 12ന് നടക്കുന്ന ഇടവക ദിനത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് എൽഎഫ് എൽപി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് മാർ ജോർജ് ആലഞ്ചേരി തറക്കല്ലിടും. ജൂബിലിയുടെ ഭാഗമായി ഇടവകയിലെ കുടുംബങ്ങളിൽ ജൂബിലി പതാക സ്ഥാപിക്കുകയും ഓരോ മാസവും ഓരോ കർമപരിപാടി നടത്തുകയും ചെയ്യും. യുവജനങ്ങൾ, മാതാക്കൾ, പിതാക്കൾ, കുട്ടികൾ, വയോജനങ്ങൾ, ദമ്പതികൾ, പ്രവാസികൾ, തൊഴിലാളികൾ, രോഗികൾ, സ്ഥലംമാറി ഇടവകയിലേക്കുവന്ന പുതിയ കുടുംബങ്ങൾ, സന്യസ്തർ എന്നിങ്ങനെ എല്ലാവർക്കുമായി ഓരോമാസവും ജൂബിലി ആഘോഷപരിപാടികൾ നടത്തപ്പെടും.
ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ജനറൽ കൺവീനർ ജോസ് വർഗീസ് കൂനംകുന്നേൽ, കൈക്കാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.