പ്രകൃതിസൗഹൃദമായി മാതൃകാബൂത്തൊരുക്കി സ്വീപ്
1418414
Wednesday, April 24, 2024 4:27 AM IST
കോട്ടയം: പ്രകൃതിസൗഹൃദമായ മാതൃകാ പോളിംഗ് ബൂത്തൊരുക്കി സ്വീപ്. തെരഞ്ഞെടുപ്പു ബോധവത്കരണവിഭാഗമായ സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) നേതൃത്വത്തിലാണ് കളക്ടറേറ്റ് മുഖ്യപ്രവേശനകവാടത്തിനരികെ പാര്‍ക്കിംഗ് ഏരിയയ്ക്കുള്ളില്‍ മാതൃകാ ഹരിത ബൂത്ത് നിര്‍മിച്ചിട്ടുള്ളത്.
തെങ്ങോല, പനയോല, കവുങ്ങിന് തടി, മുള, പുല്ല്, മടല് ഇത്യാദി വസ്തുക്കള്‍ കൊണ്ടാണ് ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റികോ, ഇരുമ്പോ തുടങ്ങിയ വസ്തുക്കള്‍ ഒന്നുംതന്നെയില്ലാതെ പ്രകൃതി ദത്തമായ വസ്തുക്കളാണു ബൂത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍ അടക്കമുള്ളവരുടെ പേരെഴുതിയ ബോര്‍ഡുകള്‍ പനമടലിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രവേശനകവാടത്തിനരികെ മണ്കൂജയില് കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഹെല്പ് ഡെസ്ക് അടക്കം ഒരു പോളിംഗ് ബൂത്തില്‍ ഉണ്ടാകേണ്ട എല്ലാ സംവിധാനങ്ങളും മാതൃകാ ബൂത്തില്‍ സജ്ജമാണ്. കളിമണ്ണില്‍ തീര്‍ത്ത വോട്ടുമഷി പതിപ്പിച്ച ചൂണ്ടുവിരല്‍ ശില്പവും ബൂത്തിലെ ആകര്‍ഷണീയതയാണ്. ഞാന്‍ മിടുക്കനായ വോട്ടറാണ്, തീര്‍ച്ചയായും ഞാന്‍ വോട്ട് ചെയ്യും (ഐ ആം എ സ്മാര്‍ട്ട് വോട്ടര്‍, ഐ വോട്ട് ഫോര്‍ ഷുവര്‍) കാമ്പയിന്റെ ഭാഗമായി ഒപ്പുകള്‍ പതിപ്പിക്കാനും കോട്ടയം ചലഞ്ച് ആപ്പില്‍ സെല്‍ഫികള്‍ അപ്ലോഡ് ചെയ്യാനുള്ള സെല്ഫിപോയിന്റും ഹരിതബൂത്തിന്റെ മുന്നില്‍ ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ടി.കെ. സുഭാഷാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്.