ആവേശം ജ്വലിപ്പിച്ച് സ്ഥാനാർഥികൾ
1418526
Wednesday, April 24, 2024 6:54 AM IST
1. ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് കോട്ടയം മണ്ഡലം പര്യടനത്തില്‍ ആവേശ സ്വീകരണം. യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പര്യടനം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോണ്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ചെറുവഴികള്പോലും ഒഴിവാക്കാതെ മുഴുവന്‍ വോട്ടര്‍മാരെയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയാക്കിയത്.
അലങ്കരിച്ച ഓട്ടോറിക്ഷകളും ബൈക്കുകളും പര്യടനത്തിലുടനീളം അകമ്പടിയായി. കൊല്ലാട് പാറയ്ക്കല്‍ കടവില്‍നിന്ന് നിന്നാരംഭിച്ച പര്യടനം കോട്ടയം ഈസ്റ്റ്, പനച്ചിക്കാട്, ചിങ്ങവനം, നാട്ടകം, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങള്‍ കടന്ന് ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. വൈകുന്നേരം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയും നടന്നു.
2. തോമസ് ചാഴികാടന്
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ഏറ്റുമാനൂര്‍ മണ്ഡലം റോഡ്ഷോയില്‍ ആവേശ അലയടികള്‍. കുമരകം കവണാറ്റിന്‍കര ജംഗ്ഷനില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാര്‍ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ കര്‍ഷകത്തൊഴിലാളി സ്ത്രീകൾ വിജയത്തിന്റെ പ്രതീകമായി കറ്റ നല്കി സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. പനിനീര്പൂക്കള് നല്‍കിയും ഹാരാര്‍പ്പണം നടത്തിയുമായിരുന്നു കുമരകംകാരുടെ സ്നേഹപ്രകടനം. തുടര്‍ന്ന് റോഡ് ഷോ ആരംഭിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റുവാഹനങ്ങളിലുമായി റോഡ്ഷോയില്‍ പങ്കാളികളായി. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം. വൈകുന്നേരം അതിരമ്പുഴയില്‍ റോഡ്ഷോ സമാപിച്ചു.