വീട്ടുവളപ്പിൽ പൂവിട്ട കൂറ്റൻ കള്ളിമുൾച്ചെടി കൗതുകമാകുന്നു
1418578
Wednesday, April 24, 2024 7:22 AM IST
തലയോലപ്പറമ്പ്: വീട്ടുവളപ്പിൽ പൂത്ത കൂറ്റൻ കള്ളിമുൾച്ചെടി കൗതുകമാകുന്നു. വൈക്കം വെള്ളൂർ ഇറുമ്പയം ഒറക്കനാംകുഴിയിൽ ജോൺസന്റെ വീട്ടുവളപ്പിലാണ് 45 വർഷം പിന്നിട്ട കള്ളിമുൾച്ചെടി പൂത്തുലഞ്ഞത്.
കഴിഞ്ഞ മൂന്നുവർഷമായി മേയ് മാസമാണ് പൂക്കൾ വിരിഞ്ഞിരുന്നത്. ഇക്കുറി ഏപ്രിൽ ആദ്യം പൂക്കൾ വിരിഞ്ഞു. വെളുത്ത നിറമുള്ള പൂക്കൾക്ക് സുഗന്ധമില്ലെങ്കിലും തേനീച്ചയും വണ്ടുകളടക്കമുള്ളവ പൂമ്പൊടിയുണ്ണാൻ കൂട്ടമായി പറന്നെത്തുന്നു. രാത്രിയിലാണ് പൂക്കൾ പൂർണമായി വിരിയുന്നത്.
ചെടിയിൽ ഏകദേശം 500ഓളം പൂക്കളുണ്ട്. പൂത്തു നിൽക്കുന്ന കള്ളിമുൾച്ചെടി കാണാനും സെൽഫിയെടുക്കാനും വെള്ളൂരിലും സമീപത്തുനിന്നുമായി നിരവധി പേരാണ് ജോൺസന്റെ വീട്ടിലെത്തുന്നത്.
45 വർഷം മുമ്പ് ജോൺസന്റെ മൂത്തസഹോദരൻ ബാബു, കുറവിലങ്ങാട് പുലിയള്ളിൽ ദേവസ്യയുടെ ഭാര്യ മിനി വളർത്തിയ കള്ളിമുൾച്ചെടിയുടെ ഒരു ഭാഗമാണ് വീട്ടിൽ കൊണ്ടുവന്ന് നട്ടത്. വളരെ ഉയരത്തിൽ തഴച്ചു വളർന്ന ചെടി പൂത്ത് തളിർത്തതോടെ കുടുംബാംഗങ്ങൾക്കെല്ലാം കള്ളിമുൾച്ചെടി ഏറെ പ്രിയപ്പെട്ടതായി.
ജോൺസണും സഹോദരപുത്രി ഏഴാം ക്ലാസുകാരി ആരാധ്യ ബാബുവുമാണിപ്പോൾ കള്ളിമുൾച്ചെടി വെള്ളവും വളവും നൽകി പരിപാലിച്ചു വരുന്നത്.