കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിനു സമാപനം
1418608
Wednesday, April 24, 2024 9:23 PM IST
പാലാ: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പ്രവര്ത്തകര്ക്ക് ആവേശമായി. മൂന്നു മൂന്നണികളുടെയും നൂറുകണക്കിനു പ്രവര്ത്തകരാണ് ഇന്നലെ പാലാടൗണിൽ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തത്.
സ്റ്റേഡിയം ജംഗ്ഷന് കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് കൊട്ടിക്കലാശം. പഴയ ബസ് സ്റ്റാന്ഡിനു സമീപം വരെ പ്രവര്ത്തകര് പ്രകടനവും നടത്തി. തുടര്ന്നു നടന്ന യോഗം മാണി സി കാപ്പന് എംഎല്എ ഉദ്ഘാടനം ചെയ്തു. പ്രഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ജോര്ജ് പുളിങ്കാട്, തോമസ് കല്ലാടന്, എ.കെ.ചന്ദ്രമോഹന്, സന്തോഷ് മണര്കാട് തുടങ്ങിയവര് പ്രസംഗിച്ചു.
എല്ഡിഎഫിന്റെ സമ്മേളനം കുരിശുപള്ളിക്കവല കേന്ദ്രീകരിച്ചായിരുന്നു.
ഉച്ചകഴിഞ്ഞ് നാലോടെ കൊട്ടാരമറ്റത്തുനിന്നും പ്രകടനമായെത്തി കുരിശുപള്ളിക്കവലയില് കേന്ദ്രീകരിക്കുകയായിരുന്നു. ലാലിച്ചന് ജോര്ജ്, ജോര്ജുകുട്ടി ആഗസ്തി, ബാബു കെ ജോര്ജ്, ഷാജു തുരത്തന്, ടോബിന് കെ അലക്സ്, ഷാജി കടമല, ബെന്നി മൈലാടൂര് തുടങ്ങിയവര് പ്രസംഗിച്ചു.
ജനറല് ആശുപത്രി ജംഗ്ഷന് കേന്ദ്രീകരിച്ചായിരുന്നു എന്ഡിഎ പ്രകടനവും സമ്മേളനവും. കൊട്ടാരമറ്റത്തു നിന്നും പ്രകടനമായെത്തി ആശുപത്രി ജംഗ്ഷനില് കേന്ദ്രീകരിക്കുകയായിരുന്നു. ബിനീഷ് ചൂണ്ടച്ചേരി, രജ്ജിത് മീനാഭവന്, രാജേഷ് പല്ലാട്ട്, സുമിത് ജോര്ജ്, സുരേഷ് ഇട്ടിയേക്കുന്നേല് തുടങ്ങിയവര് നേതൃത്വം നല്കി.
പോളിംഗ് സാമഗ്രികളുടെ വിതരണം
പാലാ നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു പാലാ സെന്റ് വിന്സെന്റ് സ്കൂളില് രാവിലെ എട്ടിന് ആരംഭിക്കും.
ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് സ്കൂളിലും ജോസ് കെ. മാണി എംപി പാലാ സെന്റ് തോമസ് ഹയര് സെക്കൻഡറി സ്കൂളിലും മാണി സി. കാപ്പന് എംഎല്എ കാനാട്ടുപാറ പോളിടെക്നിക് കോളജിലും വോട്ട് രേഖപ്പെടുത്തും.