ലക്ഷ്യമില്ലാതെ ലക്ഷങ്ങൾ പാഴായി; പകൽവീടുകളിൽ ആളനക്കമില്ല
1423351
Sunday, May 19, 2024 1:16 AM IST
കാഞ്ഞിരപ്പള്ളി: ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ലക്ഷങ്ങൾ ചെലവിട്ടു മുതിർന്ന പൗരന്മാർക്കായി നിർമിച്ച പകൽവീടുകൾ ഉദ്ദേശ്യലക്ഷ്യം പൂർത്തിയാക്കാതെ പ്രഹസനമാകുന്നു. കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ്, പാറത്തോട് പഞ്ചായത്തുകളിലായി പകൽവീടിനായി നിർമിച്ച കെട്ടിടങ്ങളാണ് വെറുതെ കിടക്കുന്നത്.
പാഴായത് ലക്ഷങ്ങൾ
2017ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിൽ ദേശീയപാതയോരത്ത് ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കിയാണ് പകൽവീട് നിർമിച്ചത്. എന്നാൽ, സഹൃദയ ലൈബ്രറിക്കു പുതിയ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നതിനാൽ പകൽവീടിന്റെ മുകളിലത്തെ നിലയിൽ താത്കാലികമായി ലൈബ്രറി പ്രവർത്തിക്കുകയാണ് ഇപ്പോൾ.
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ മുടക്കിയാണ് ചിറക്കടവ് പഞ്ചായത്തിലെ മണ്ണംപ്ലാവിൽ 2014ൽ പകൽവീട് നിർമിച്ചത്. ഈ കെട്ടിടവളപ്പിലാണ് ഹരിതകർമസേന വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽകെട്ടി സൂക്ഷിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് പഞ്ചായത്തിലെ പഴൂമലയിൽ 2019ലാണ് പകൽവീടും വനിതാ തൊഴിൽ പരിശീലന കേന്ദ്രവും നിർമിച്ചത്. എന്നാൽ, ഇവിടെയും മുതിർന്ന പൗരൻമാർക്കു വേണ്ട പ്രവർത്തനങ്ങളൊന്നുമില്ല.
എലിക്കുളം പഞ്ചായത്തിലെ വഞ്ചിമലയിൽ 20 ലക്ഷം രൂപ മുടക്കിയാണ് പബ്ലിക് ലൈബ്രറി കം പകൽവീട് കെട്ടിടം നിർമിച്ചത്. ലൈബ്രറി പ്രവർത്തിക്കുന്നുണ്ടെങ്കിലും മുകളിലത്തെ നിലയിലെ പകൽവീട്ടിൽ മാസത്തിലൊരിക്കൽ ആരോഗ്യപ്രവർത്തകരെത്തി ജീവിതശൈലീ രോഗനിർണയം നടത്തുന്നതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങളൊന്നുമില്ല.
വിശ്രമവും വിനോദവും
മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് പകൽസമയം വിശ്രമത്തിനും വിനോദത്തിനും വേണ്ടിയാണ് പകൽവീടുകൾ നിർമിച്ചത്. ഇതിന് ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തി ആരോഗ്യ പ്രവർത്തകരുടെ സേവനവും ഭക്ഷണവും ലഭ്യമാക്കാനായിരുന്നു പദ്ധതി. മുതിർന്നവരെ രാവിലെ കൊണ്ടുവരികയും വൈകുന്നേരം തിരികെ കൊണ്ടുവിടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
പദ്ധതി പരാജയം
ടെലിവിഷൻ, കാരംസ് ബോർഡുകൾ എന്നിവയുള്ള വിനോദമുറി, നടക്കാനുള്ള ഇടം, കിടപ്പുമുറികൾ, അടുക്കള എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് പകൽവീട് രൂപകല്പന ചെയ്തത്. തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഇവ ഏർപ്പെടുത്തേണ്ടത്. എന്നാൽ ഇവയൊന്നും പകൽവീടുകളിലില്ല.
തുടക്കത്തിൽ പേരിനു മാത്രം പ്രവർത്തിച്ചതൊഴിച്ചാൽ പദ്ധതി പൂർണമായും പരാജയമായിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളൊന്നും നടപ്പാകുന്നില്ല. പഞ്ചായത്തുകൾ പ്ലാൻഫണ്ടിന്റെ അഞ്ചു ശതമാനം മുതിർന്ന പൗരന്മാർക്കുവേണ്ടി ചെലവഴിക്കണമെന്നുണ്ടെങ്കിലും ഏതാനും കട്ടിലുകൾ വിതരണം ചെയ്യുന്നതൊഴിച്ചാൽ മറ്റെല്ലാം പ്രഹസനമാണ്.