ഇന്നും നാളെയും റെഡ് അലര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
1423358
Sunday, May 19, 2024 1:16 AM IST
കോട്ടയം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതലുള്ള പെയ്ത്താണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയേറി.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമാകാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാം.
അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 22 വരെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. അതിനാല്‍ ഏഴു ദിവസം മഴ, മിന്നല്‍, കാറ്റ് എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
ജാഗ്രതാനിര്‍ദേശങ്ങള്‍
• മലയോരവാസികളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥലത്തേക്ക് ഇന്ന് പകല്‍തന്നെ മാറി താമസിക്കണം.
• വെള്ളക്കെട്ട് പതിവായ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.
• അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
• അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും പോസ്റ്റുകളും ബോര്‍ഡുകളും മതിലുകളും സുരക്ഷിതമാക്കണം. ശിഖരങ്ങള്‍ കോതി ഒതുക്കണം.
• നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാനോ പാടില്ല.
• അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോരം എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര ഒഴിവാക്കണം.
• ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.
• ദുരന്ത മേഖലയിലുള്ളവര്‍ മാറിത്താമസിക്കാനുള്ള അവശ്യസാധനങ്ങള്‍ കരുതി വയ്ക്കണം.
• മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുത്.
• മലയോര രാത്രിസഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
• മരങ്ങളും പോസ്റ്റുകളും വീണും വൈദ്യുതി ലൈനുകള്‍ പൊട്ടിയും അപകട സാധ്യതയുണ്ട്. വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. അപകടസാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.
• 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യത അറിയിക്കാനും സഹായങ്ങള്‍ക്കുമായി 1077, 1070 ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടുക.
കണ്ട്രോള് റൂം തുറന്നു
കോട്ടയം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമില്‍ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ ചുവടെ:
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 9446562236, 0481 2566300
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചില്‍ താലൂക്ക്: 0482 2212325