തീർഥാടകവാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവം: പ്രതിയെ അഞ്ചുമാസങ്ങൾക്കുശേഷം ഹൈദരാബാദിൽനിന്നു പിടികൂടി
1423359
Sunday, May 19, 2024 1:16 AM IST
മുണ്ടക്കയം: കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് കോരുത്തോട് പനക്കച്ചിറയിൽ ശബരിമല തീർഥാടകരുടെ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ അഞ്ചു മാസങ്ങൾക്ക് ശേഷം ഹൈദരാബാദിൽ നിന്നു ഡ്രൈവറെയും വാഹനവും മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ എടുത്തു.
കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ. ദിനേശ് റെഡ്ഡിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ കോരുത്തോട് പനക്കച്ചിറയിലുണ്ടായ അപകടത്തിൽ പനക്കച്ചിറ 504 കോളനി പുതുപ്പറമ്പിൽ തങ്കമ്മ (88) ആണ് മരിച്ചത്. തങ്കമ്മയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസ് വാഹനത്തിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല.
ഇതിനായി പോലീസ് രണ്ടായിരത്തിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇടിച്ചിട്ട വാഹനം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വാഹനം സംസ്ഥാനത്തിന് പുറത്തുള്ള തീർഥാടകരുടേതാണെന്നു മനസിലാക്കി.
മൂന്നാറിൽ നിന്ന് ലഭിച്ച ഒരു ദൃശ്യത്തിൽ ഈ കാറും നമ്പറും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതിന് പിന്നാലെ പോയ പോലീസ് ഒടുവിൽ ഹൈദരാബാദിൽനിന്നാണ് വാഹനം കണ്ടെത്തിയത്. സംഭവം നടന്ന ദിവസം വാഹനം വാടകയ്ക്ക് കൊടുത്തിരുന്നുവെന്ന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ തിരിച്ചറിഞ്ഞത്.
പിന്നാലെ കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ. ദിനേശ് റെഡ്ഡിയെ പോലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുത്തു. ദിനേശ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.