ചങ്ങനാശേരി അതിരൂപതാദിനം നാളെ; കുറുമ്പനാടം പള്ളിയില്‍ വിപുലമായ ഒരുക്കങ്ങള്‍
1423525
Sunday, May 19, 2024 6:55 AM IST
കുറുമ്പനാടം: 138-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം നാളെ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ്ഹാളിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് റവ.ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും.
അതിരൂപത ദിനത്തിന് മുന്നോടിയായി ഇന്ന് അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും പേപ്പല്‍ പതാക ഉയര്‍ത്തലും അതിരൂപത ദിനാഘോഷവും നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് എടത്വാ ഫൊറോനാ പള്ളിയിലെ ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തില്നിന്നുള്ള ഛായാചിത്ര പ്രയാണവും വൈകുന്നേരം നാലിന് തെങ്ങണ കണ്ണോട്ടയില് സംഗമിക്കും.
അവിടെനിന്നും നിരവധി വാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കുറുമ്പനാടം ഫൊറോനയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സമ്മേളന നഗരിയായ കുറുമ്പനാടം ഫൊറോന പള്ളിയിലേക്ക് ആനയിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ദീപശിഖയും ഛായാചിത്രവും ഏറ്റുവാങ്ങും. തുടര്‍ന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സായാഹ്ന പ്രാര്‍ഥന നടത്തും. മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
അതിരൂപതദിനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍കണ്‍വീനറും ഫൊറോന വികാരിയുമായ റവ.ഡോ. ചെറിയാന് കറുകപറമ്പില്, ഫൊറോന വൈദിക സമിതി സെക്രട്ടറി ഫാ. ബിനീഷ് ഏറത്തേടം, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ ബെന്നി ചിറയില്‍ എന്നിവര്‍ അറിയിച്ചു.
പാര്‍ക്കിംഗ് ക്രമീകരണം
വിവിധ ഫൊറോനകളില്നിന്നു അതിരൂപതാദിന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ വാഹനങ്ങള്‍ സെന്റ് പീറ്റേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനം, സെന്റ് ആന്റണീസ് ഫൊറോനാപള്ളി അങ്കണം, മൊട്ടക്കുന്ന് കുരിശടിറോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.