കണമലയിലെ ദുരന്തത്തിന് ഒരു വർഷം; നാട് ഇന്ന് പ്രാർഥനയിൽ
1423617
Sunday, May 19, 2024 11:04 PM IST
കണമല: രണ്ട് കർഷകരെ കാട്ടുപോത്ത് ആക്രമിച്ച് ജീവനെടുത്തതിന്റെ ദുഃഖം ഒരു വർഷമായിട്ടും ഇനിയും കണമലയിൽനിന്ന് അകന്നിട്ടില്ല. കൊല്ലപ്പെട്ട രണ്ട് പേർക്കും ആദരസൂചകമായി ഇന്ന് കണമല സെന്റ് തോമസ് പള്ളിയിൽ രാവിലെ 6.30നും തുടർന്ന് 11നും വിശുദ്ധ കുർബാനയും പ്രാർഥനാശുശ്രൂഷകളും നടത്തും.
കണമല ദുരന്തത്തിന് ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോഴും കാട്ടിൽനിന്നു നാട്ടിലേക്കുള്ള വന്യജീവികളുടെ വരവിന് ഒരു തടസവുമില്ല. ഏതുസമയത്തും കാട്ടാനകളും കാട്ടുപോത്തുകളും കാട്ടുപന്നികളും ഉൾപ്പടെ വന്യമൃഗങ്ങൾ നാട്ടുകാരുടെ ജീവനെടുക്കാവുന്ന സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നു. കഴിഞ്ഞയിടെ തൊട്ടടുത്ത തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ വീട്ടുമുറ്റത്തിട്ടാണ് കാട്ടാന കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ വർഷം മേയ് 19 കണമലക്കാർക്ക് മറക്കാൻ കഴിയില്ല. രാവിലെ ദാരുണവാർത്ത കേട്ടാണ് നാടുണർന്നുത്. അയൽവാസികളും കുടിയേറ്റ കർഷകരുമായ പ്ലാവനാക്കുഴി തോമസ് ആന്റണി, പുറത്തേൽ ചാക്കോച്ചൻ എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രാവിലെ അപകടത്തിൽപ്പെട്ടത്. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിലായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേ
ക്കും മറ്റൊരാളുടെ ജീവനും പൊലിഞ്ഞു.
വനത്തിൽനിന്നു നാട്ടിലേക്ക് എത്തിയ കാട്ടുപോത്താണ് ഇരുവരെയും ദാരുണമായി കൊലപ്പെടുത്തിയത്. നാട് ഒന്നാകെ റോഡ് ഉപരോധിക്കുകയും ജനപ്രതിനിധികളും ജില്ലാ കളക്ടറും സ്ഥലത്ത് എത്തുകയും ഇനി വന്യമൃഗ ആക്രമണം ഉണ്ടാകാതിരിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ ഉറപ്പ് നൽകുകയും മരണപ്പെട്ടവർക്ക് സഹായധനം പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഉപരോധസമരം അവസാനിച്ചത്. എന്നാൽ, ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോൾ സഹായധനം അല്ലാതെ സുരക്ഷാ പ്രതിരോധ നടപടികൾ ഒന്നുമുണ്ടായിട്ടില്ല. ഒരു ജീവൻ കൂടി ഇതിനിടെ നഷ്ടപ്പെടുകയും ചെയ്തു.
പ്രഖ്യാപനങ്ങൾ മാത്രമാകാതെ സുസ്ഥിരമായ സുരക്ഷാ നടപടികൾ ഉടനെ നടപ്പിലാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.