നെല്ലുസംഭരണം മുടങ്ങി; പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍
1423800
Monday, May 20, 2024 6:49 AM IST
അയ്മനം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകരുടെ ആശങ്കകള്‍ ഒഴിയുന്നില്ല. കടുത്ത വേനല്‍ കൃഷിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ മഴ സംഭരണത്തെ സാരമായി ബാധിച്ചു.
ഇപ്പോള്‍ കൊയ്തിട്ടിരിക്കുന്ന നെല്ല് വെള്ളത്തിലാകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. എത്രയും പെട്ടെന്ന് മില്ലുടമകള്‍ സംഭരിക്കാനായി മുന്‍പോട്ടു വന്നില്ലെങ്കില്‍ മുടക്കിയ പണവും നെല്ലും ജീവിതവും ഒരുപോലെ വെള്ളത്തിലാകുമെന്നു കര്‍ഷകര്‍ പറയുന്നു.
അയ്മനം പഞ്ചായത്തിലെ കിഴക്കേമണിയാംപറമ്പിലാണ് സംഭരിക്കാന്‍ കഴിയാതെ നെല്ലു കെട്ടിക്കിടക്കുന്നത്. 110 ഏക്കറിലെ കൃഷിയാണ് ഇപ്പോള്‍ നഷ്ടത്തിന്റെ വക്കിലായത്. 1200 ക്വിന്റല്‍ കൊയ്തെടുത്ത നെല്ല് എന്ത് ചെയ്യുമെന്ന് ആശങ്കയിലാണ് കര്‍ഷകര്‍.
മഴ കനത്തതോടെ കൊയ്തെടുത്ത നെല്ല് മൂടിയും വെയില് കിട്ടുമ്പോള്‍ ഉണക്കിയും സൂക്ഷിക്കുകയാണ് കര്‍ഷകര്‍. പാഡി ഓഫീസറും വകുപ്പ് ഉദ്യോഗസ്ഥരും മില്ലുടമകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ മൂന്ന് പാടശേഖരങ്ങളില്‍ നിലവില്‍ സമാന സാഹചര്യമാണ്. വെളളം കയറുന്ന പ്രദേശമായതിനാല്‍ ദുരിതം വര്‍ധിച്ചു. കഴിഞ്ഞ ഏഴിനു കൊയ്തിട്ട നെല്ലാണ് കെട്ടിക്കിടക്കുന്നത്. പരിപ്പ് തൊള്ളായിരം പാടത്ത് കൊയ്തു കൂട്ടിയ നെല്ല് കിളിര്‍ത്തു തുടങ്ങി.