കാര്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി
1423803
Monday, May 20, 2024 6:50 AM IST
കോതനല്ലൂര്‍: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി അപകടം. കാര്‍ ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം.
കോട്ടയം - എറണാകുളം റോഡില്‍ കോതനല്ലൂര്‍ കളത്തൂര്‍ കവലയില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോതനല്ലൂര്‍ മഞ്ഞപ്പള്ളില്‍ ചന്ദ്രബാബു ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂരില്‍നിന്നു കോതനല്ലൂരിലേക്ക് വരുമ്പോള്‍ ചന്ദ്രബാബു മയങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്.
നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയായിരുന്നു. സംരക്ഷണവേലി തകര്‍ത്താണ് കാര്‍ ട്രാന്‍സ്ഫോമറില്‍ ഇടിച്ചത്. അപകടത്തെതുടര്‍ന്ന് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്ന രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.
ഫ്യൂസുകളും തകര്‍ന്നു. ഷോര്ട്ടായിരുന്നെങ്കില് ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു വന്‍ദുരന്തം സംഭവിക്കുമായിരുന്നു. ട്രാന്‍സ്ഫോര്‍മറിന്റെ സമീപത്തായി ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. അപകടത്തെത്തുടര്‍ന്ന് കെഎസ്ഇബി ലൈന്‍ ഓഫ് ചെയ്തു.
ഏറ്റുമാനൂര്‍ സബ്സ്റ്റേഷനില്‍നിന്നു വരുന്ന പ്രധാനലൈനില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമറാണ് തകര്‍ന്നത്. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കെഎസ്ഇബിക്ക് വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.