കാഞ്ഞിരത്താനം പുലിയള നാട്ടുകാര്‍ സംഘടിച്ചു വൃത്തിയാക്കി
1423927
Tuesday, May 21, 2024 6:24 AM IST
കാഞ്ഞിരത്താനം: കാടുകയറി മൂടിയ കാഞ്ഞിരത്താനം പുലിയളയുടെ പ്രവേശനഭാഗവും പരിസരവും നാട്ടുകാര്‍ സംഘടിച്ചു വൃത്തിയാക്കി. പ്രത്യേകതകള്‍ ഏറെയുള്ള പുലിയള കാട് കയറി കാണാന്‍പോലുമാകാത്ത നിലയിലും പുലിയളയുടെ കവാടത്തിലേക്കു പോലും ഇറങ്ങാനാകാത്ത തരത്തിലും കാട് മൂടി കിടക്കുകയായിരുന്നു. സഞ്ചാരികള്‍ക്ക് ഗുഹ സന്ദര്‍ശിക്കാനാവും വിധം തെളിച്ചു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരുന്നു.
കൗതുകത്തിനൊപ്പം ചരിത്ര സ്മാരകമായി നിഗൂഢതകളുടെ കഥകളുറങ്ങുന്നതാണ് കാഞ്ഞിരത്താനത്തെ പുലിയള. ഇതുവരെ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയതിലും കേട്ടുകേള്വികള്ക്കുമപ്പുറം ചരിത്രത്തിലേക്ക് വഴിതുറക്കാനിടയാക്കുന്ന ഏറെ വിവരങ്ങള്‍ പുലിയളയ്ക്ക് ഇനിയും പറയാനുണ്ടാകും. കുറുപ്പന്തറ - കുറവിലങ്ങാട് റോഡില്‍ കാഞ്ഞിരത്താനം കവലയ്ക്കു സമീപമാണ് നിഗൂഢതകളുടെ കഥകളുറങ്ങുന്ന പുലിയള സ്ഥിതി ചെയ്യുന്നത്. മലഞ്ചെരുവിലൂടെയുള്ള റോഡിന്റെ വശത്തുള്ള തിട്ടയില്‍നിന്ന് കിഴക്ക് ദിശയിലേക്ക് കടുപ്പമുള്ള ചെങ്കല്ലിലാണ് ഇത് തുരക്കപ്പെട്ടിരിക്കുന്നത്.
അകത്ത് ഇരുട്ടിന്റെയും ഇടയില്ലാത്ത ചെറു കവാടങ്ങളുടെയും ലോകം. പത്തടി വിസ്താരത്തില്‍ കിടക്കുന്ന ഗുഹയുടെ കവാടം കടന്നെത്തിയാല്‍ ആദ്യം പാറക്കെട്ടുകളാണ്. ചെറിയൊരു വാതില്‍ കടന്ന് കുനിഞ്ഞുവേണം മുന്നോട്ടു പോകാന്‍. പിന്നെ നിവര്‍ന്നു നടക്കാം. 75 അടി മുന്നോട്ടു കടന്നാല്‍ ഇടുങ്ങിയ വഴിയാണുള്ളത്. കുറേ ദൂരം മുന്നോട്ടു നടന്നാല്‍ വീണ്ടും മൂന്നു കിളിവാതിലുകള്‍. അതിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കാവുന്ന വിധം തുരങ്കപാത നീളുന്നുവെന്നാണ് തലമുറകളായുള്ള കേട്ടുകേള്‍വിയെ ആധാരമാക്കി പ്രദേശവാസികള്‍ പറയുന്നത്.
കാഞ്ഞിരത്താനം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന പുലിയള കാട് കേറി മൂടിയതിനൊപ്പം മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമായും മാറിയിരുന്നു. വാര്‍ഡ് മെമ്പര്‍ ലിസി ജോസിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളായ നാട്ടുകാര്‍ സംഘടിച്ചാണ് വൃത്തിയാക്കിയത്. മോന്‍സ് ജോസഫ് എംഎല്‍എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജോളി മേതിരംപറമ്പില്, ജോണി പാളിത്തോട്ടം, ടോം ലൂയിസ്, സിജോ വടക്കേല്‍, ജോണി മലയില്‍, ജോസി വാളക്കുളം, റെജി ഓരത്തേല്‍, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടപ്പാക്കിയത്. വൃത്തിയാക്കിയ ഭാഗത്ത് ചെടികള്‍ നട്ടു.