ഭാര്യയുമായി വഴക്കിട്ട യുവാവ് ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു ചാടി
1423939
Tuesday, May 21, 2024 6:25 AM IST
നാട്ടകം: ഭാര്യയുമായി വഴക്കിട്ട് യുവാവ്, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടി. സാരമായി പരിക്കേറ്റ കുമരകം സ്വദേശി മഹേഷി (47)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ എംസി റോഡിൽ നാട്ടകം പോളിടെക്നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തിനു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ചങ്ങനാശേരി കഴിഞ്ഞതു മുതൽ മഹേഷും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു.
നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോൾ ബസിനുള്ളിൽനിന്ന് ഇയാൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടുകയായിരുന്നു.
അപകടത്തിൽ കാല് ഒടിഞ്ഞിട്ടുണ്ട്. 108 ആംബുലൻസ് വിളിച്ചു വരുത്തി ഭാര്യ തന്നെയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് അൽപനേരം നിർത്തിയിട്ട ബസ് പിന്നീട് യാത്ര തുടർന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിരുന്നു.