മണര്‍കാട് ഫാമിലെ പക്ഷിപ്പനി; കോഴികളെ ഇന്നു കൊന്നൊടുക്കും
1424697
Friday, May 24, 2024 11:50 PM IST
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച മൃഗസംരക്ഷണ വകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും കോഴിക്കുഞ്ഞുങ്ങളെയും ഇന്ന് കൊന്നൊടുക്കും. അവശേഷിക്കുന്ന കോഴിത്തീറ്റ, 9000 മുട്ടകള്‍, കാഷ്ടം, അറക്കപ്പൊടി, വളം എന്നിവയും കുഴിച്ചുമൂടും. ഇതിനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.
മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസംഘമാണ് ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്കരിക്കുക. തുടര്‍ന്ന് കോഴിക്കൂടുകള്‍ അണുനശീകരണം ചെയ്തു ആറു മാസത്തിനു ശേഷം മാത്രമേ പുതിയ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂ. ഇന്നലെ വരെ 500 കോഴികള്‍ പക്ഷിപ്പനി ബാധിച്ചു ചത്തു.
കഴിഞ്ഞ 19നാണ് ഫാമില്‍ ഒന്നര മാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 16 കോഴികള്‍ ചത്തത്. മൃഗസംരക്ഷണവകുപ്പിന്റെ തിരുവല്ല ലാബില്‍ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനി സംശയം പ്രകടിപ്പിച്ചു. എപ്പിഡോമളജിസ്റ്റിന്റെ നേതൃത്വത്തില്‍ അഞ്ച് ചത്ത കോഴികളെയും അഞ്ച് ജീവനുള്ള കോഴികളെയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച് -5 എന്‍-1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വിതരണത്തിനുള്ളവയെയും കൊല്ലും
ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസമൃദ്ധി പദ്ധതി പ്രകാരം വിതരണം ചെയ്യാനായി വളര്‍ത്തിയ കോഴികളെയും കൊന്നു സംസ്കരിക്കും. ജൂണ്‍ 13ന് ഒന്നരമാസം പ്രായമുള്ള പിടക്കോഴി കുഞ്ഞുങ്ങളെയാണ് നല്‍കാനിരുന്നത്. ഇതിനായി 5,500 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി പരിപാലിച്ചിരുന്നു. നിലവില്‍ കുഴപ്പമൊന്നുമില്ലെങ്കിലും സുരക്ഷാ മാദനണ്ഡം മുന്‍നിര്‍ത്തി ഇവയെയും കൊന്നൊടുക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ ചെങ്ങന്നൂര്‍ ഹാച്ചറി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ഫാമാണ് മണർകാട്ടുള്ളത്. മുട്ടയുത്പാദനം, വിരിയിക്കല്‍, വളര്‍ത്തല്‍, ഇറച്ചിക്കോഴി വില്പന തുടങ്ങിയവയാണ് ഇവിടെയുള്ളത്. 1959ല്‍ ജില്ലാ ഫോള്‍ട്രി ഫാമായി ആരംഭിച്ചതാണ് മണര്‍കാട് ഫാം. 1982ല്‍ റീജണല്‍ ഫാമായി. 2001ല്‍ ഹാച്ചറിയായും യന്ത്ര സംവിധാനത്തോടെ മുട്ടവിരിയിക്കല്‍ കേന്ദ്രവുമായി. ആറരയേക്കര്‍ ഫാമില്‍ 10 ഷെഡുകളില്‍ 15 കംപാര്ട്ടുമെന്റുകളിലായി 9,500 കോഴികളാണുള്ളത്. ഗ്രാമശ്രീ, കാവേരി ഇനമാണ് കൂടുതലും.
പകര്‍ന്നത് മറ്റു പക്ഷികളില്‍നിന്ന്..?
പക്ഷിപ്പനി എങ്ങനെ ഫാമിലെത്തിയെന്ന ആശങ്കയിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. ഫാമിലെ മൂന്ന് ബി ഷെഡിലെ കോഴികളാണ് ആദ്യം ചത്തത്. ഇതാകട്ടെ ഫാമിന്റെ ഏറ്റവും അവസാന ഭാഗത്താണ്.
ഇവിടെ പുറത്തുനിന്നുള്ളവരുടെ സമ്പര്‍ക്കം കുറവാണ്. ജാഗ്രതയെന്നോണം ആലപ്പുഴ ജില്ലയിലും ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍നിന്നുള്ളവരെയും അവരുടെ വാഹനങ്ങളും കഴിഞ്ഞ 13മുതല്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇവിടെത്തുന്നവരെ അണുനശീകരണം നടത്തിയാണ് പ്രവേശിപ്പിച്ചിരുന്നത്. വലിയ മരങ്ങള്‍ ഈ കൂടിനോടു ചേര്‍ന്നുണ്ട്. ഈ മരങ്ങളില്‍ ധാരാളം പക്ഷികളും കൂടുമുണ്ട്.
ദേശാടനക്കിളികളും പ്രാവുകളും ഏറെയുണ്ട്. ഇവയുടെ കാഷ്ഠത്തില്നിന്നു പക്ഷിപ്പനി പകര്‍ന്നതാകാമെന്നാണ് ഒരു നിഗമനം. രാത്രി കീരിയുടെയും മരപ്പട്ടിയുടെയു ശല്യമുണ്ട്. ഇവയുടെ സാമീപ്യത്തിലൂടെ രോഗം പകര്ന്നതാമെന്നും സംശയിക്കുന്നു.