മണ്ണും മെറ്റലുമിട്ട് ഉറപ്പിച്ച് ചെല്ലിയൊഴുക്കം റോഡ് ഗതാഗതയോഗ്യമാക്കി
1424855
Saturday, May 25, 2024 7:16 AM IST
കോട്ടയം: മഴയില്‍ പൂര്‍ണമായും തകര്‍ന്ന ചെല്ലിയൊഴുക്കം റോഡ് മണ്ണും മെറ്റലും ഇട്ട് ഉറപ്പിച്ച് ഗതാഗത യോഗ്യമാക്കി അധികൃതര്‍. കോട്ടയം നഗരമധ്യത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെല്ലിയൊഴുക്കം റോഡ് കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഡിസി ബുക്സിന് സമീപത്തുനിന്നുമുള്ള പ്രവേശനഭാഗമാണ് കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്.
രണ്ടുമാസം മുമ്പ് ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി കുഴിച്ചശേഷം മണ്ണിട്ടു മൂടിയതായിരുന്നുവെങ്കിലും മൂന്ന് ദിവസം മുമ്പ് പൈപ്പ് ഇട്ട ഭാഗത്തെ മണ്ണ് മാറ്റി മെറ്റല്‍ ഇട്ടതാണ്. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മണ്ണും മെറ്റലും ഒപ്പം അല്പം ബാക്കിയുണ്ടായിരുന്ന ടാറിംഗും തകര്‍ന്നു യാത്ര തീര്‍ത്തും അസാധ്യമായി മാറിയത്. ഇതോടെ കാല്‍നട യാത്ര പോലും അതീവ ദുഷ്കരമായി മാറിയിരുന്നു.
ബൈക്ക് യാത്രികന് കഴിഞ്ഞദിവസം അപകടത്തില്‍പ്പെടുകയും കാര്‍ റോഡിലെ കുഴിയില്‍ വീഴുകയും ചെയ്തിരുന്നു. ഇന്നലെയാണ് അധികൃതര്‍ റോഡിലെ കുഴികള്‍ മണ്ണും, മെറ്റലും ഇട്ട് ഉറപ്പിച്ച് ഗതാഗതയോഗ്യമാക്കിയത്. ചെറുവാഹനങ്ങള്‍ നഗരത്തിലെ കുരുക്കില്‍പ്പെടാതെ കെ.കെ. റോഡ്, ഗുഡ്ഷെപ്പേര്‍ഡ് റോഡ് എന്നിവിടങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന റോഡില്‍ ചെറിയമഴയില് പോലും കനത്തവെള്ളക്കെട്ടാണ്. കൂടാതെ ഓട നിറഞ്ഞ് മലിനജലവും റോഡില്‍ നിറയും.
റോഡില്‍ വെളിച്ചം വേണമെന്ന്
ചെല്ലിയൊഴുക്കം റോഡിലൂടെ സന്ധ്യകഴിഞ്ഞാല്‍ യാത്രചെയ്യാൻ സമീപവാസികള്‍ക്കുപോലും മടിയാണ്. പേരിന് പോലും തെരുവുവിളക്കില്ല. സമീപവീടുകളില്നിന്നുള്ള വെളിച്ചം കൂരിരുട്ടാകുന്നതോടെ അണയും. പിന്നീട് വാഹനത്തിന്റെ വെളിച്ചത്തിന്റെ സഹായത്തോടെ വേണം ചെല്ലിയൊഴുക്കം റോഡ് കടക്കാന്‍.
വാഹനത്തിലെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലെ കുഴിയോ കുഴിയുടെ ആഴമോ ഡ്രൈവർക്ക് അറിയാന്‍ സാധിക്കില്ല.
കാലങ്ങളായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതമാണ് വെളിച്ചമില്ലായ്മ. വഴിവിളക്കിന്റെ കാര്യം അധികൃതരോട് പലതവണ ഉന്നയിച്ചെങ്കിലും ആരും ഗൗനിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പരാതി.