ഇന്ധനവുമായി പോയ ടാങ്കര്‍ ലോറിയുടെ കാബിന് കത്തിനശിച്ചു; ഒഴിവായത് വന്‍ദുരന്തം
1424900
Sunday, May 26, 2024 2:34 AM IST
കടുത്തുരുത്തി: ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ കാബിന് കത്തി നശിച്ചു. ഒഴിവായത് വന്‍ദുരന്തം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. കോട്ടയം- എറണാകുളം റോഡില്‍ മുട്ടുചിറ ആറാംമൈലില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടമുണ്ടായത്.
കൊച്ചി അമ്പലമുകളില്‍നിന്ന് ഇന്ധനം നിറച്ച ശേഷം ചെങ്ങന്നൂരിലേക്കു പോവുകയായിരുന്ന അങ്കമാലി സ്വദേശിയുടെ ടാങ്കര്‍ ലോറിക്കാണ് തീ പിടിച്ചത്. ആറാംമൈലിലെ കയറ്റം കയറുന്നതിനിടെ വണ്ടിയില്‍നിന്നും കരിഞ്ഞ മണം അനുഭവപ്പെട്ട ഡ്രൈവര്‍ കായംകുളം സ്വദേശി രാഹുല്‍ ടാങ്കര്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
കാബിന്റെ മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട രാഹുല്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും വണ്ടിയിലുണ്ടായിരുന്ന ഫയര്‍ ഉപകരണം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ തീ വ്യാപിച്ചു കാബിനിലേക്ക് കടന്നു. ഇതിനിടെ കടുത്തുരുത്തി ഫയര്‍സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റെത്തി തീ അണച്ചതിനാല്‍ ടാങ്കറിന്റെ ഇന്ധനം സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടര്‍ന്നില്ല.
കാബിന് പൂര്‍ണമായും കത്തിനശിച്ചു. നാലായിരം ലിറ്റര്‍ പെട്രോളും എണ്ണായിരം ലിറ്റര്‍ ഡീസലുമാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ടാങ്കറിന് തീ പിടിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതെല്ലാം വാഹനത്തിരക്കേറിയ റോഡിലെ ഗതാഗതം സ്തംഭിപ്പിച്ച ശേഷമായിരുന്നു. തീ പൂര്‍ണമായും അണച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുക്കാല്‍ മണിക്കൂറോളം കോട്ടയം - എറണാകുളം റൂട്ടില്‍ വാഹന ഗതാഗതം തടസപ്പെട്ടു.