തെരുവിൽ നായ്ക്കൾ, വീട്ടുമുറ്റങ്ങളിൽ കുറുനരികൾ: ഭീതിയൊഴിയാതെ ജനം
1425028
Sunday, May 26, 2024 6:01 AM IST
കറുകച്ചാൽ: തെരുവുകളിൽ നായ്ക്കൾ ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ വീട്ടുമുറ്റങ്ങളിൽ കുറുനരികൾ ഭീഷണിയാകുന്നു. കറുകച്ചാൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുന്നതിനിടയിൽ സന്ധ്യ മയങ്ങിയാൽ വീട്ടുമുറ്റങ്ങളിൽ വരെ കുറുനരികൾ കൂട്ടമായി എത്തി ഓരിയിടുന്നതും വളർത്തും മൃഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമായി.
ഇതുകൂടാതെ പൊതുനിരത്തുകളിൽ, കാട്ടുപന്നികളുടെ വിഹാരം മൂലവും ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. കറുകച്ചാല്‍ പഞ്ചായത്തിലെ കറ്റുവെട്ടി, പനയമ്പാല, ബംഗ്ലാംകുന്ന്, നെടുങ്ങാടപള്ളി, നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, കൊല്ലകര കുന്ന്, പുതുപ്പള്ളി പടവ്, ചിറക്കൽ, പാമ്പാടി പഞ്ചായത്തിലെ ഇല്ലിമറ്റം, സൗത്ത് പാമ്പാടിയിലെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എല്ലാം സന്ധ്യയാകുന്നതോടെ കുഞ്ഞുങ്ങൾ അടക്കമുള്ള കുറുനരികളുടെ സംഘം വീട്ടുമുറ്റങ്ങളിലും തൊടികളിലും എത്തി ഓരി ഇടുന്നതും വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്.
കറുകച്ചാൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചമ്പക്കര, ഉള്ളാട്ടുകാവിനു സമീപ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം നിരവധി പേർക്ക് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നെടുകുന്നം പഞ്ചായത്തിലെ പള്ളിപ്പടിയിൽ പേവിഷബാധയുള്ള കുറുനരിയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് കടിയേറ്റിരുന്നു. മൈലാടി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്.
മുളയം വേലി, കുരുന്നംവേലി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികൾ നിരവധി കാർഷിക വിളകൾ നശിപ്പിക്കുന്ന സംഭവങ്ങളും അടുത്ത കാലങ്ങളിൽ ഉണ്ടായെങ്കിലും ഇവയെ നിയന്ത്രിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ ജനങ്ങൾ അതൃപ്തിയിലാണ്.