വാഴൂരിലെ അങ്കണവാടികളിൽ ഇനി തീയില്ലാതെ പാചകം
1425145
Sunday, May 26, 2024 9:41 PM IST
വാഴൂർ: പഞ്ചായത്തിലെ 23 അങ്കണവാടികളിലും വിറക് അടുപ്പും ഗ്യാസ് സ്റ്റൗവും ഉപേക്ഷിച്ച് ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നായ നെറ്റ് സീറോ കാർബൺന്റെ ഭാഗമായാണ് അങ്കണവാടികളിൽ തീയില്ലാതെ പാചകം ചെയ്യുന്നതിന് ഇൻഡക്ഷൻ കുക്കറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തത്.
കാർബൺ സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ഫോസിൽ ഇന്ധനങ്ങളായ വിറകും ഗ്യാസും ഉപയോഗിച്ചുള്ള പാചകങ്ങൾ പരമാവധി കുറയ്ക്കുവാനാണ് തീരുമാനം. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന അങ്കൺജ്യോതി പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് ഊർജ്ജലാഭികളായ പാചകോപകരണങ്ങളുടെ വിതരണം നടത്തുന്നത്.
നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ വാഴൂരിലാണ് ആദ്യമായി ഇൻഡക്ഷൻ കുക്കറും അനുബന്ധ ഉപകരണങ്ങളും പൂർണമായി വിതരണം ചെയ്തത്. പഞ്ചായത്തുകളിലെ എല്ലാ അങ്കണവാടികളിലും ആദ്യഘട്ടമായി ഇൻഡക്ഷൻ കുക്കർ വിതരണം നടത്തി. രണ്ടാം ഘട്ടമായി പ്രഷർ കുക്കർ, ഉരുളി, സോസ് പാൻ, മിൽക്ക് കുക്കർ, റൈസ്പോട്ട്, ഇഡലി കുക്കർ എന്നിവയും വിതരണം ചെയ്തു. ഊർജലാഭികളായ പാചക ഉപകരണങ്ങൾ എനർജി മാനേജ്മെന്റ് സെന്റർ ആണ് ലഭ്യമാക്കിയത്.
ഉപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ജെ. ശോശാമ്മ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ, അസിസ്റ്റന്റ് സെക്രട്ടറി ആർ. മഞ്ജുള, ഐസിഡിഎസ് സൂപ്പർവൈസർ പി.ജെ. ജലജകുമാരി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഹേന, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.