വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
1425147
Sunday, May 26, 2024 9:41 PM IST
കാഞ്ഞിരപ്പള്ളി: മൈക്ക സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി. റിട്ടയേർഡ് എസ്പിയും മുൻ ഇന്ത്യൻ വോളിബോൾ താരവുമായിരുന്ന അബ്ദുൾ റസാഖ്, കേരള സ്പോർട്സ് കൗൺസിൽ കോച്ച് നവാസ് വഹാബ്, ഇർഫാൻ റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒന്നരമാസക്കാലം നീണ്ടുനിന്ന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ടു പെൺകുട്ടികൾ അടക്കം 52 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. വരുംദിനങ്ങളിലും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാനാണ് സംഘാടകരായ മൈക്ക വോളി ക്ലബിന്റെ തീരുമാനം. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ജഴ്സി സമ്മാനമായി നൽകിയാണ് ക്യാമ്പ് സമാപിച്ചത്.
സമാപന സമ്മേളനം അന്തർദേശീയ വോളിബോൾ താരവും അർജുൻ അവാർഡ് ജേതാവുമായ ജി.ഇ. ശ്രീധർ ഉദ്ഘാടനം ചെയ്തു. മൈക്ക വേളി ക്ലബ് പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരി പി.എസ്. അബ്ദുൾ റസാഖ്, ക്ലബ് സെക്രട്ടറി എം.എം. അൻസാരി, ടി.എ. സിറാജുദീൻ, പി.എ. ഷംസുദീൻ, റഫീഖ് ഇസ്മായിൽ, പി.എ. ലൈല തുടങ്ങിയവർ പ്രസംഗിച്ചു.