വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
1425169
Sunday, May 26, 2024 10:19 PM IST
കിടങ്ങൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നും 3,50,000 രൂപ തട്ടിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പയപ്പാർ ജംഗ്ഷൻ ഭാഗത്ത് കരിങ്ങാട്ട് ഐ.വി. രാജേഷിനെ(51)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 മാർച്ച് മുതൽ പല തവണകളിലായി കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽനിന്നും വിദേശരാജ്യമായ സൗത്ത് കൊറിയയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽനിന്നും പലതവണകളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപയും, കൂടാതെ ഇവരുടെ കയ്യിൽനിന്ന് നേരിട്ട് രണ്ടു ലക്ഷത്തോളം രൂപയും വാങ്ങിയെടുക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.
യുവതിക്ക് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ ത്തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.
ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ ഇയാൾ ഇത്തരത്തിൽ വാങ്ങിയെടുത്തതായി പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.