പ്ലസ് വൺ പ്രവേശനം: ആവശ്യത്തിന് സീറ്റുകളുണ്ട്
1425190
Sunday, May 26, 2024 11:39 PM IST
കോട്ടയം: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ജില്ലയില്‍ സീറ്റുകള്‍ ഏറെ. എസ്എസ്എല്‍സി കടമ്പ കടന്നവര്‍ക്കെല്ലാം ഉപരിപഠനം നടത്താനാവശ്യമായ സീറ്റുകളുണ്ടെന്നാണു കണക്കുകള്‍. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി പ്ലസ്വണ്ണിന് 21,986 സീറ്റുകളാണുള്ളത്. ഇത്തവണ 18,813 പേരാണു കോട്ടയത്തുനിന്ന് എസ്എസ്എല്‍സി വിജയിച്ചത്.
ഇതിനൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പഠിച്ചവരില്‍ ഒരു നിശ്ചിത ശതമാനവും പ്ലസ് വണ്‍ പ്രവേശനം തേടും. അതിര്‍ത്തി പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് തൊട്ടടുത്ത ജില്ലയില്‍നിന്നും അപേക്ഷകരുണ്ടാകും. ഇങ്ങനെ വരുമ്പോള്‍ ഒരുവിഭാഗത്തിന് അണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരും.
മീനച്ചില്‍ താലൂക്കില്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഇഷ്ടവിഷയങ്ങള്‍ ലഭിച്ചേക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് 100 ശതമാനം വിജയമാണ് പാലായിലുണ്ടായത്. ഇതിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗ് ലക്ഷ്യമിട്ടും പാലായിലെ സ്കൂളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെത്തും. അതിനാല്‍ അപേക്ഷകര്‍ക്കെല്ലാം പാലായില്‍ തന്നെ പ്രവേശനം ലഭിച്ചേക്കില്ല.
സര്‍ക്കാര്‍ മേഖലയില്‍ 5,100, എയ്ഡഡില്‍ 13,800, അണ്എയ്ഡഡില് 3,086 എന്നിങ്ങനെയാണ് ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം. 133 ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണ് ജില്ലയിലുള്ളത്. സര്‍ക്കാര്‍-41, എയ്ഡഡ്-71, ആണ് എയ്ഡഡ്-21 എന്നിങ്ങനെയാണ് ഇവയുടെ എണ്ണം.
ഇവക്കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഓപ്പണ്‍ സ്കൂള്‍ എന്നിവയുമുണ്ട്. 35 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 2,000ലധികം സീറ്റുകളുണ്ട്. പട്ടികവര്‍ഗത്തിനുള്ള ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലായി 100 സീറ്റുണ്ട്. പൊളിടെക്നിക്കുകളിലും പ്രവേശനം നേടാം.
പാലാ, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലാണ് ഗവ. പോളിടെക്നിക്കുകളുള്ളത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു ജില്ല. 99.92 ശതമാനം വിജയവുമായാണ് ജില്ല സ്വന്തമാക്കിയത്. ജില്ലയില്‍ പരീക്ഷയെഴുതിയ 18,828 പേരില്‍ 18,813 പേര് ഉപരിപഠനത്തിന് അര്‍ഹരായി.