അസ്ഥികൂടം കണ്ടെത്തിയ സംഭവം: സയന്റിഫിക് വിദഗ്ധർ പരിശോധന നടത്തി
1425192
Sunday, May 26, 2024 11:39 PM IST
ഈരാറ്റുപേട്ട: തലപ്പലം പഞ്ചായത്തിലെ അഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി. പ്രദേശവാസിയായ മാടത്താനിയിൽ ഔസേഫ് എന്ന വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും.
ശനിയാഴ്ച വൈകുന്നേരം 6.30നാണു സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. അസ്ഥികൾ മാത്രമാണ് പ്രദേശത്ത് അവശേഷിച്ചിരുന്നത്. രാവിലെ ശാസ്ത്രീയ പരിശോധന സംഘം വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തുനിന്ന് ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തി. എം.സി. ഔസേപ്പ് മാടത്താനിയിൽ എന്ന അഡ്രസിലുള്ള ആധാർ കാർഡ് ബാഗിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്. രണ്ടു പുരയിടങ്ങളുടെ ഇടവഴിയിൽ ആണ് ശരീര അവശിഷ്ടങ്ങൾ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.
ആത്മഹത്യയാണോ മറ്റേതെങ്കിലും ദുരന്തങ്ങളുണ്ടോ എന്നുള്ളതും ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ആളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന അടക്കം നടത്തും. പാലാ ഡിവൈഎസ്പി സദൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ സുബ്രഹ്മണ്യൻ, എസ്ഐ ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.