വാഹനം മോഷ്ടിക്കാനെത്തിയ യുവാക്കളെ കെണിയിൽപ്പെടുത്തി വീട്ടുകാർ
1430268
Wednesday, June 19, 2024 11:01 PM IST
മുണ്ടക്കയം: വാഹനം മോഷ്ടിക്കാൻ എത്തിയ യുവാക്കളെ കെണിയിൽപ്പെടുത്തി വീട്ടുകാർ. കഴിഞ്ഞദിവസം രാത്രിയിലാണ് മുണ്ടക്കയം ഇഞ്ചിയാനിയിൽ രണ്ടംഗസംഘം മോഷണശ്രമം നടത്തിയത്. രാത്രി പലതവണ ഇതുവഴി പരിചയമില്ലാത്ത വാഹനം കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ജാഗ്രത പുലർത്തിയതാണ് മോഷ്ടാക്കൾക്ക് കെണിയായത്.
ഇതു മനസിലാക്കാതെ തസ്കരസംഘം തങ്ങൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് റോഡിന്റെ വശത്ത് നിർത്തിയിട്ടശേഷം കാരിക്കുന്നേൽ സണ്ണിയുടെ വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട് വീട്ടുകാർ ഓടിയെത്തിയതോടെ മോഷ്ടാക്കൾ തങ്ങളുടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽനിന്നുള്ള പോലീസും നാട്ടുകാരും രാത്രി മുഴുവൻ പരിശോധന നടത്തിയെങ്കിലും പിടികൂടുവാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂട്ടിക്കൽ സ്വദേശി കരിപ്പായി വീട്ടിൽ ഇനായത്ത് റസാക്ക് (19), മുണ്ടക്കയം സ്വദേശി വെട്ടിത്തറ വീട്ടിൽ മുഹമ്മദ് ഫഹദ് (19) എന്നിവരെ പിടികൂടുകയായിരുന്നു. ഇവർ യാത്ര ചെയ്തിരുന്നത് മോഷ്ടിച്ച ബുള്ളറ്റുമായിട്ടായിരുന്നു.
റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മാസങ്ങൾക്കു മുമ്പ് മോഷണം പോയ ബൈക്കിലാണ് സംഘം മറ്റൊരു മോഷണത്തിനായി ശ്രമം നടത്തിയത്. ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റും ചെയ്സ് നമ്പറുമടക്കം തിരുത്തിയാണ് യുവാക്കൾ നാടുചുറ്റിയിരുന്നത്. മുണ്ടക്കയം പോലീസ് റാന്നി പോലീസിനു കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.