നിയന്ത്രണംവിട്ട ലോറി വര്‍ക്ക്ഷോപ്പിന്റെ മതിലും മേല്‍ക്കൂരയും ഇടിച്ചുതകര്‍ത്തു
1436392
Monday, July 15, 2024 7:41 AM IST
കടുത്തുരുത്തി: ലോഡുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട ലോറി വര്‍ക്ക്ഷോപ്പിന്റെ മതിലും മുന്‍ഭാഗത്തെ ഷീറ്റിട്ട മേല്‍ക്കൂരയും ഇടിച്ചുതകര്‍ത്തു. ലോറിയുടെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും അപകടത്തില്‍ നിസാര പരിക്കേറ്റു. അപകടസമയം റോഡില്‍ മറ്റു വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി.
അപകടത്തില്‍പ്പെട്ട ലോറി മാഞ്ഞൂര്‍ സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ഓട്ടോ ഗാരേജ് എന്ന പേരിലുള്ള വര്‍ക്ക്ഷോപ്പിലേക്കാണ് ഇടിച്ചു കയറിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കുറുപ്പന്തറ പഴേമഠം ജംഗ്ഷനു സമീപമാണ് സംഭവം.
എറണാകുളത്തുനിന്നു തിരുവനന്തുപരത്തേയ്ക്ക് കമ്പി കയറ്റി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ലോറി എതിര്‍വശത്തുള്ള വര്‍ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ ക്രെയിന്‍ ഉപയോഗിച്ചാണ് വാഹന ഗതാഗത്തതിന് തടസമായി കിടന്ന ലോറി നീക്കിയത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.