മഴയും കാറ്റും: എരുമേലിയിൽ നാശനഷ്ടം
1436398
Monday, July 15, 2024 10:03 PM IST
എരുമേലി/കണമല: ശക്തമായ കാറ്റിലും മഴയിലും കിഴക്കൻ മേഖലയിൽ ഉൾപ്പെടെ എരുമേലിയിലും നാശനഷ്ടങ്ങൾ. പമ്പയാറിലെ അറയാഞ്ഞിലിമണ്ണ് കോസ്വേ പാലത്തിൽ ഇന്നലെ വൈകുന്നേരത്തോടെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മഴ ശക്തമായ നിലയിൽ തുടർന്നാൽ കിഴക്കൻ പ്രദേശങ്ങളിലെ പാലങ്ങൾ വെള്ളത്തിനടിയിലാകും.
ഇന്നലെ രാത്രിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായത് ആശങ്ക കുറച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. റബർ തോട്ടങ്ങളിൽ കാറ്റ് വ്യാപകമായ നാശമുണ്ടാക്കി. എരുമേലി കെഎസ്ഇബി സെക്ഷൻ പരിധിയിൽ വൈദ്യുതിപോസ്റ്റുകൾ തകർന്നതു മൂലം പലയിടത്തും വൈദ്യുതി നിലച്ചിരിക്കുകയാണ്. എരുമേലി വാഴക്കാല വാർഡിൽ തേക്ക് മരത്തിന്റെ ശിഖരം സമീപത്തെ വീടിന്റെ മേൽക്കൂരയിൽ പതിച്ചെങ്കിലും നാശനഷ്ടങ്ങളില്ല. എക്സൈസ് റേഞ്ച് ഓഫീസിന് സമീപത്ത് കല്ലമ്മാക്കൽ കോളനി പ്രദേശത്ത് മരങ്ങൾ വൈദ്യുതി ലൈനുകളിൽ വീണു.
എരുമേലി-റാന്നി സംസ്ഥാന പാതയിൽ കനകപ്പലം-മുക്കട റോഡിൽ മരങ്ങൾ ഒടിഞ്ഞുവീണു. എരുമേലിയിൽ വലിയതോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. മലയാളമാസ പൂജയുടെ ഭാഗമായി ശബരിമല ദർശനത്തിന് കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഒട്ടേറെ തീർഥാടകർ ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു. ഇവർക്ക് പോലീസും ദേവസ്വം അധികൃതരും സുരക്ഷാ ജാഗ്രത മുന്നറിയിപ്പ് നൽകുന്നുണ്ട്. ശബരിമല പാതയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് മുൻനിർത്തി രാത്രിയിൽ തീർഥാടക യാത്ര ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.