കൂരോപ്പട പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു നഷ്ടമായി; കോണ്‍ഗ്രസിലെ അമ്പിളി മാത്യു പ്രസിഡന്റ്
1436456
Monday, July 15, 2024 11:30 PM IST
കൂരോപ്പട: കൂരോപ്പട പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനു നഷ്ടമായി. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ അമ്പിളി മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ 17-ാം വാര്‍ഡ് അംഗമാണ് അമ്പിളി മാത്യു. അമ്പിളിക്കും എല്‍ഡിഫിലെ ദീപ്തി ദിലീപിനും ഏഴു വോട്ടുകൾ വീതം ലഭിച്ചു. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. സിപിഎമ്മിലെ ഷീലാ ചെറിയാന് രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബിഡിജെഎസ് അംഗം ആശാ ബിനു അമ്പിളി മാത്യുവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകള്‍ തുല്യമായത്.
ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 17 വാര്‍ഡുകളുള്ള കൂരോപ്പട പഞ്ചായത്തില്‍ എല്‍ഡിഎഫ് -ഏഴ്, യുഡിഎഫ് - ആറ്, ബിജെപി - മൂന്ന്, ബിഡിജെഎസ് - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പില്‍ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെ 7-7 എന്ന തുല്യകക്ഷിനില വന്നതോടെയാണു നറുക്കെടുപ്പ് വേണ്ടി വന്നത്.
പാർട്ടിയിൽനിന്നു
പുറത്താക്കി
കൂരോപ്പട: കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൻഡിഎ നിലപാടുകൾ ലംഘിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത 12-ാം വാർഡ് അംഗം ആശാ ബിനുവിനെ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പാർട്ടിയിൽനിന്നു പുറത്താക്കിയതായി ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എൻ.പി. സെൻ അറിയിച്ചു. ആശാ ബിനുവിനെതിരേ കടുത്ത പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൂരോപ്പടയിലെ എൻഡിഎ ചെയർമാൻ വർഗീസ് താഴത്ത് അറിയിച്ചു.