റോട്ടറി ക്ലബ് റോഡിലെ കലുങ്കിൽ ഗർത്തം; ഗതാഗതം നിരോധിച്ചു
1436550
Tuesday, July 16, 2024 10:38 PM IST
എരുമേലി: ശക്തമായ മഴയിൽ എരുമേലി കൊച്ചുതോട്ടിലെ വെള്ളപ്പൊക്കത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ റോട്ടറി ക്ലബ് റോഡിന്റെ കലുങ്കിൽ വലിയ ഗർത്തം. കലുങ്കും പാലവും അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വിലക്കി പഞ്ചായത്ത് അധികൃതർ.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തോട്ടിൽ ജലനിരപ്പ് കരയോളം എത്തിയതോടെയാണ് കലുങ്ക് പാലത്തിന്റെ പ്രവേശന ഭാഗത്തെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു താഴ്ന്ന് കുഴിയുണ്ടായത്. വാഹനം കയറിയാൽ സ്ലാബ് പൂർണമായും ഇടിയും. ഇന്നലെ അവധി ആയതിനാൽ ഇന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എത്തി പുനർ നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി നിർമാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാർഡംഗം നാസർ പനച്ചി പറഞ്ഞു.
പഞ്ചായത്ത് ഓഫീസ്, സർക്കാർ ആയുർവേദ ഡിസ്പെൻസറി, സർക്കാർ മൃഗാശുപത്രി, ബിഎസ്എൻഎൽ ഓഫിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന പാതയാണിത്.