ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരാണ്ട്
1436594
Tuesday, July 16, 2024 11:42 PM IST
ആരോടും ‘നോ’ പറയാത്ത ഒരേയൊരാള്‍
റെജി ജോസഫ്
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.
തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം.
തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി. ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ രാഷ്ട്രീയ വിലാസമായി മാറുകയും ചെയ്ത കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് ഒരു വര്‍ഷം.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മണ്ണിലേക്കു മടങ്ങിയശേഷവും മറ്റൊരു നേതാവിന്റെയും കബറിടത്തിലേക്കില്ലാത്ത വിധം ആള്‍ക്കൂട്ടവും പുഷ്പാര്‍ച്ചനയും ദീപം തെളിക്കലും തുടരുകയാണ്. പുതുപ്പള്ളി സ്കൂളിലെ കെഎസ്യുക്കാരനില്‍ തുടങ്ങി അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം വരെ ഉയര്‍ന്ന രാഷ്ട്രീയ മണ്ഡലം. പുതുപ്പള്ളിയുടെ എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രി വരെ വളര്‍ന്ന ജനകീയത.
അധികാരം അലങ്കാരമാക്കാത്ത അത്യപൂര്‍വ വ്യക്തിത്വം. ആവലാതിക്കാരുടെ സങ്കടക്കടലിനു നടുവില്‍ ഊണും ഉറക്കവും മറന്ന് അര്‍പ്പണബോധത്തോടെ നിലകൊണ്ട മനുഷ്യസ്നേഹി. അലസമായി പാറിയ നീളന്മുടിയും അടിമുടി കീറ്റല് തുന്നിയ ഖദര്ക്കുപ്പായവും. മുണ്ടിന്റെ അഗ്രം കൈയില്‍ പിടിച്ചുള്ള ആ ചെരിഞ്ഞ നടത്തവും ഹൃദയം കവരുന്ന പുഞ്ചിരിയും അറിഞ്ഞുകൊടുത്ത സഹായങ്ങളുമൊക്കെ ആത്മാര്‍ഥതയുടെ അടയാളങ്ങളായിരുന്നു.കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പുതുപ്പള്ളി കവലയിലുമൊക്കെ അണികള്‍ക്കൊപ്പം അവരിലൊരാളെപ്പോലെ നിലകൊണ്ടിരുന്ന അപാരമായ ലാളിത്യമായിരുന്നു കുഞ്ഞൂഞ്ഞിന്റേത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍നിന്നു നട്ടപ്പാതിരാവില്‍ പുതുപ്പള്ളി വരെ പതിവായി നടന്നുപോയിരുന്ന സന്നദ്ധഭടന്‍.
മുഖ്യമന്ത്രിയായിരിക്കെ ഓശാനപ്പെരുന്നാളിന് പുതുപ്പള്ളി പള്ളിക്കകത്ത് ഇടം കിട്ടാതെ കുരുത്തോലയുമായി വാതില്‍ നടയിലിരുന്നു തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തതിന്റെ ചിത്രം മാത്രം മതി ഉമ്മന്‍ ചാണ്ടിയുടെ മനസറിയാന്‍. പുതുപ്പള്ളി വീട്ടിലെ ജനാലയ്ക്കരുകില്‍ പതിവായിരുന്ന ഞായര്‍ ദര്‍ബാറുകളില്‍ അനേകരുടെ സങ്കടഫയലുകളുടെ കുരുക്കഴിച്ചിരുന്ന ഉപകാരിയെ ആരു മറക്കും.
ഒരേ മണ്ഡലത്തില്‍ ഒരേ വ്യക്തിയെ തുടരെ 12 തവണ എംഎംഎല്യായി തെരഞ്ഞെടുത്തത് കേരളത്തിലെ റിക്കാര്‍ഡാണ്. അന്‍പതു വര്‍ഷം നീണ്ടു ആ വിജയാവര്‍ത്തനം. മണ്ഡലത്തിലെ ഒന്നര ലക്ഷം വോട്ടര്‍മാരെ പേരും വീട്ടുപേരും ചൊല്ലിവിളിച്ച് തോള്ചേര്ത്തു നിറുത്താന്‍ പറ്റിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
നേരമില്ല, നാളെ വരൂ എന്ന് ഒരിക്കലും ഒരാളോടും പറയാത്തയാള്‍. നിദ്രാഭാരത്തില് പാതിയടഞ്ഞ കണ്ണുകളുമായി അവസാന ഫയല്‍ നോക്കിത്തീരും വരെ എല്ലാം മറന്ന് ജോലി ചെയ്ത സേവകന്. രാഷ്ട്രീയ പ്രതിയോഗിയോടുപോലും അസഹിഷ്ണുത പുലര്‍ത്തുകയോ ഒരാളെയും അകറ്റിനിറുത്തുകയോ ചെയ്യാത്ത അപാരവ്യക്തിത്വം. അസാധ്യ കാര്യങ്ങളില്‍പ്പോലും സാധ്യതയുടെ മാനങ്ങള്‍ പരതിയ മനുഷ്യസ്നേഹി.
രാഷ്ട്രീയക്കളിയിലെ കരുനീക്കങ്ങളെ അപാരമായ മെയ്വഴക്കത്തോടെ നേരിടുകയും തകര്‍ക്കാനാവാത്ത വിശ്വാസ്യതയുടെ പര്യായമായി മാറുകയും ചെയ്ത കോണ്ഗ്രസുകാരന്. തിരുത്താനും തകര്ക്കാനുമാകാത്ത തനതു രാഷ്ട്രീയവിലാസം കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി കുറിച്ചിട്ടു. എന്നും എവിടെയും തണലായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന വടവൃക്ഷം.