അയൽവാസി മതിൽ കെട്ടി; വെള്ളത്തിൽ മുങ്ങി അഞ്ചുകുടുംബങ്ങൾ
1436659
Wednesday, July 17, 2024 2:16 AM IST
വൈക്കം: മഴ കനത്തതിനെത്തുടർന്ന് പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായതിനെ തുടർന്ന് വീട് വെള്ളക്കെട്ടിലമർന്ന് അഞ്ചു കുടുംബങ്ങൾ ദുരിതത്തിൽ. വൈക്കം മുരിയൻകുളങ്ങര റോഡിനോടു ചേർന്നുള്ള കവരപ്പാടി - കണ്ണിമിറ്റം റോഡിനു സമീപത്തെ കുരുക്കത്തിൽ രാജേഷ്, സോമനാഥൻ, ഗിരിജ, ബാലകൃഷ്ണൻ, മണിഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്.
രാജേഷിന്റെ വീടിന്റെ അടുക്കളയിലും മുറികളിലുമൊക്കെ വെള്ളം നിറഞ്ഞു. വീട്ടിലെ ഗൃഹോപകരണങ്ങളും നാശത്തിന്റെ വക്കിലായി. രാജേഷും ഭാര്യ സുനിമോൾ, എട്ടിലും അഞ്ചിലും പഠിക്കുന്ന ഗോകുൽ, നകുൽ, സുനിമോളുടെ മാതാപിതാക്കളായ രാഘവൻ, ലളിത എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. രാഘവനും ലളിതയും രോഗികളാണ്. ദിവസങ്ങളായി വെള്ളത്തിൽ മുങ്ങി നിന്നതുമൂലം വീടിന്റെ ഭിത്തി പലഭാഗത്തും വിണ്ടടർന്നതോടെ തകർച്ചാ ഭീഷണിയിലാണ്.
2018ലെ പ്രളയത്തിൽപോലും വെള്ളം കയറാത്ത ഈ വീടുകളിൽ ഒന്നരവർഷം മുമ്പ് സമീപവാസി വെള്ളം ഒഴുകിപ്പോകാൻ മാർഗമൊരുക്കാതെ മതിൽ തീർത്തതോടെയാണ് ദുരിതത്തിലായതെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ഒന്നരവർഷം മുമ്പ് സമാന ദുരിതം നേരിട്ടപ്പോൾ വാർഡ് കൗൺസിലർ എസ്. ഹരിദാസൻനായരും പൊതുപ്രവർത്തകരും ചേർന്ന് മതിലിൽ വിടവുണ്ടാക്കി വെള്ളമൊഴുക്കിവിട്ടാണ് ദുരിതം അവസാനിപ്പിച്ചത്. പിന്നീട് മാസങ്ങൾക്കുശേഷം സമീപവാസി വീണ്ടും മതിൽ കെട്ടി അടച്ചു. വെള്ളക്കെട്ട് ദുരിതത്തിന് താലൂക്ക് അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.