ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ ളാക്കാട്ടൂരിൽ ഒരുക്കിയ ടർഫിന്റെ ഉദ്ഘാടനം നാളെ
1436670
Wednesday, July 17, 2024 2:16 AM IST
കൂരോപ്പട: ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ ളാക്കാട്ടൂരിൽ നിർമിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ എന്ന് നാമകരണം ചെയ്ത ടർഫിന്റെ ഉദ്ഘാടനം നാളെ പുതുപ്പള്ളിയിൽ നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
വൈകുന്നേരം 6.30നു പുതുപ്പള്ളിയിൽനിന്നു ദീപശിഖ പ്രയാണം ളാക്കാട്ടൂരിലെ ടർഫിൽ എത്തും. തുടർന്ന് 14 എംഎൽഎമാർ ടർഫിൽ സെവൻസ് ഫുട്ബോൾ കളിക്കും. അതിനു ശേഷം ളാക്കാട്ടൂരിലെ രണ്ട് ക്ലബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരവും നടക്കും. ചാണ്ടി ഉമ്മൻ അധ്യക്ഷനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ളാക്കാട്ടൂരിൽ ടർഫിന്റെ നിർമാണം പൂർത്തികരിച്ചത്.
കോൺഗ്രസ് തേതാവും റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനുമായ ളാക്കാട്ടൂർ ചാമക്കാലയിൽ കെ.എൻ. ഹരിഹരൻ നായർ സംഭാവന ചെയ്ത നാല്പത്തിയെട്ടര സെന്റ് സ്ഥലത്താണ് നിർമാണം. ഉമ്മൻചാണ്ടിയോടുള്ള 46 വർഷത്തെ ആത്മബന്ധം കൊണ്ടാണ് സ്ഥലം സംഭാവന ചെയ്തതെന്നു ഹരിഹരൻ നായർ പറഞ്ഞു. വ്യക്തിഗത സ്പോൺസർഷിപ്പിലുടെ സമാഹരിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് ടർഫ് നിർമിച്ചത്. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബോൾ എന്നിവ കളിക്കാൻ സാധിക്കും വിധമാണ് ടർഫ് ഒരുക്കിരിക്കുന്നത്.
ഉമ്മൻ ചാണ്ടി ആശ്രയ പദ്ധതിയുടെ കൂരോപ്പട പഞ്ചായത്ത് കോ-ഓർഡിനേറ്റർ മനോജ് പി. നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് ടർഫിന്റെ മേൽനോട്ട ചുമതല. ടർഫിനും ചുറ്റും മുതിർന്ന പൗരൻമാർക്കു വ്യായാമ സവാരി നടത്തുന്നതിനുള്ള പ്രത്യേക പാതയുടെ നിർമാണം ഉടനെ ആരംഭിക്കുമെന്നും ടർഫിലേക്കുള്ള ഉമ്മൻ ചാണ്ടി റോഡിന്റെ നവീകരണത്തിന് എംഎൽഎ ഫണ്ടിൽനിന്നും 20 ലക്ഷം രുപ അനുവദിച്ചുവെന്നും മനോജ് പറഞ്ഞു. പൂവൻതുരുത്ത് സ്വദേശിയായ സക്കറിയാസാണ് ടർഫിന് പേര് നിർദേശിച്ചത്.