‘ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു’
1436797
Wednesday, July 17, 2024 10:49 PM IST
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തിരിക്കുന്നു. ‘ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു’ . സോളാര്‍ കേസില്‍ ഉള്‍പ്പെടെ ആസൂത്രിതമായ നിരവധി ആരോപണങ്ങളും വ്യക്തിഹത്യകളും പ്രതിയോഗികള്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ത്തിയിരുന്നു. യുഡിഎഫിനു മാത്രമല്ല പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ തെരഞ്ഞെടുപ്പില്‍വരെ അത് പ്രതിഫലിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പില്ക്കാലത്ത് വെളിപ്പെടുകയും ചെയ്തു.
ദൈവം എല്ലാം സത്യവും ഒരിക്കല്‍ വെളിപ്പെടുത്തും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് സോളാര്‍ കേസ് തള്ളിയ ദിവസം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയിലെ കുരിശടിയില്‍ തനിയെ എത്തി തിരി കത്തിച്ച് പ്രാര്‍ഥിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ സാഹചര്യത്തിലാണ് യേശുവിന്റെ കുരിശുമരണവേളയില്‍ ശതാധിപന് നടത്തിയ ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു എന്ന വാക്യം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഇടം പിടിച്ചത്.
മാമ്മന്‍ മാപ്പിള ഹാളില്‍ അനുസ്മരണ സമ്മേളനം
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. രാവിലെ ഒമ്പതിന് 1564 ബൂത്തുകളിലും ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. 18, 19 തീയതികളില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ, വ്യക്തിജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു 100 ചിത്രങ്ങളുടെ പ്രദര്‍ശനവും മാമ്മന്‍ മാപ്പിള സ്മാരക ഓഡിറ്റോറിയത്തില്‍ നടത്തും.