പാലവുമില്ല, നടപ്പാലവുമില്ല; ദുരിതത്തിൽ അറയാഞ്ഞിലിമണ്ണ്
1436799
Wednesday, July 17, 2024 10:49 PM IST
മുക്കൂട്ടുതറ: അറയാഞ്ഞിലിമണ്ണിൽ ശക്തമായ മഴ പെയ്ത് കോസ്വേ പാലം മുങ്ങിയാൽ എങ്ങും പോകാതെ വീട്ടിൽ ഇരിക്കേണ്ട സ്ഥിതിയിലാണ് 400 കുടുംബങ്ങളിലായി രണ്ടായിരത്തോളം പേർ. പതിറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തിൽ നിർമിച്ചതാണ് പമ്പയാറിന്റെ കുറുകെ നെടുനീളത്തിൽ ഉയരം കുറഞ്ഞ കോസ്വേ പാലം.
2018ലെ പ്രളയത്തിലെ മണൽ അടിഞ്ഞതോടെ നദിയിൽ ആഴം കുറഞ്ഞതിനാൽ ഇപ്പോൾ ശക്തമായ മഴയിൽ പാലം മുങ്ങുകയാണ്. കഴിഞ്ഞ ദിവസം കോസ്വേ പാലം മുങ്ങി നാട്ടുകാർ വീട്ടിൽ ഇരുന്നപ്പോൾ മിക്കവരും മുറിഞ്ഞു പോയ നടപ്പാലത്തിലേക്ക് നോക്കി.
മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ പിരിവിട്ട് നടപ്പാലത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ പണി സർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിർമാണം നിർത്തിവച്ചതാണ്.
അന്ന് പണി നിർത്താതെ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ നടപ്പാലം തുണയാകുമായിരുന്നു. പണി നടത്തിക്കോളാമെന്ന് സർക്കാർ പ്രഖ്യാപിച്ചതല്ലാതെ പിന്നെയൊന്നുമുണ്ടായില്ല. ഇപ്പോൾ കർക്കിടകത്തിന്റെ തോരാമഴ പെയ്തുകൊണ്ടിരിക്കുമ്പോൾ രോഷവും സങ്കടവും പ്രതിഷേധമായി നിറയുകയാണ് നാടെങ്ങും.
വീണ്ടും പ്രഖ്യാപിച്ചു
ചെറിയ വാഹനങ്ങൾ കടന്നുപോകുംവിധമുള്ള ഇരുമ്പുപാലമായി നടപ്പാലം നിർമിക്കാൻ 2.69 കോടി പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പിൽനിന്ന് അനുവദിച്ചെന്നും നിർമാണത്തിന്
സർക്കാർ അംഗീകൃത പിഎസികളിൽനിന്നു ടെൻഡർ ക്ഷണിക്കുമെന്നും മന്ത്രി ഒ.ആർ. കേളു കഴിഞ്ഞ ദിവസം നിയമസഭയിൽ എംഎൽഎ പ്രമോദ് നാരായണന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. എന്നാൽ ഈ തുകയ്ക്ക് നിർമാണം നടത്താനാവില്ലെന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചിട്ടുള്ളത്.
2018ലെ പ്രളയത്തിൽ ഒലിച്ചുപോയ നടപ്പാലം നിർമിച്ച സിൽക്ക് ഏജൻസി ആണ് പുതിയ നടപ്പാലത്തിന് 2.69 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാൽ നിർമാണത്തിന് ഈ ഏജൻസി തയാറല്ല. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. മരാമത്ത് വകുപ്പാകട്ടെ പത്ത് കോടി രൂപയാണ് നിർമാണത്തിന് കണക്കാക്കുന്നത്.
ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിന്റെ നിർമാണം അപ്രായോഗികമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ രേഖാമൂലം അറിയിപ്പ് നൽകി. സ്ഥിതിഗതികൾ ഇതായിരിക്കെ ടെൻഡർ പരാജയമായാൽ എങ്ങനെ നടപ്പാലം ഉടനെ യാഥാർഥ്യമാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.
ജനങ്ങൾ ഒന്നിക്കുന്നു
കഴിഞ്ഞ ദിവസം പാലം മുങ്ങിയപ്പോൾ ജനകീയ യോഗം ചേർന്നിരുന്നു. സർക്കാർ പ്രഖ്യാപനം നടപ്പിലാകാൻ ദീർഘകാലം വേണ്ടിവരുമെന്ന് പലരും അഭിപ്രായപ്പെട്ടു. മുമ്പ് ചെയ്തതുപോലെ വീണ്ടും പിരിവിട്ട് നടപ്പാലത്തിന്റെ പണി ആരംഭിക്കണമെന്ന വാദമുയർന്നു.
സർക്കാർ വാക്ക് പാലിക്കുമെന്നും ഉടനെ നടപ്പാലത്തിന്റെ നിർമാണം തുടങ്ങാൻ നടപടികൾ ഉണ്ടാകുമെന്നും ചിലർ പറഞ്ഞു. ശക്തമായ പ്രക്ഷോഭം നടത്തണമെന്ന ആവശ്യവും ഉയർന്നു.
വഴിയുണ്ട്,
പക്ഷേ, ആന വരും
പാലം മുങ്ങിയാൽ പിന്നെ പുറംലോകം കാണാൻ ഇപ്പോൾ ആകെയുള്ള വഴി വനത്തിൽ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത കാട്ടുപാതയാണ്.
എന്നാൽ ഏത് സമയത്തും കാട്ടാനകൾ എത്തുന്ന ഇതുവഴിപോകുന്നത് മരണം മുന്നിൽക്കണ്ടുള്ള യാത്രയാണ്.