പുസ്തകത്തൊട്ടിലുമായി ചെമ്മലമറ്റം സ്കൂൾ
1436809
Wednesday, July 17, 2024 10:49 PM IST
ചെമ്മലമറ്റം: വായനവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ഒരുക്കിയ പുസ്തകത്തൊട്ടിൽ ശ്രദ്ധയമാകുന്നു.
വായിക്കൂ, വായനയിലൂടെ വളരൂ എന്ന സന്ദേശം നൽകിയാണ് പുസ്തകത്തൊട്ടിൽ ഒരുക്കിയത്. വിദ്യാർഥികളുടെ ജന്മദിനം, ഭവനങ്ങളിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി വിദ്യാർഥികൾ മധുരപലഹാരങ്ങൾക്കു പകരം പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിക്കും.
പുസ്തകത്തൊട്ടിലിൽ ഇടുന്ന പുസ്തകങ്ങൾ ക്ലാസുകൾ വഴി കൈമാറാനും വിശാലാമായ ഒരു ലൈമ്പ്രറിക്ക് രൂപം നൽകാനും ഇതുവഴി കഴിയുമെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു.
മലയാളം അധ്യാപകരായ ജിജി ജോസഫ്, സിസ്റ്റർ ജൂബി തോമസ്, ബിനിമോൾ മാത്യു, സിസ്റ്റർ ഡീനാ തോമസ് എന്നിവർ നേതൃത്വം നൽകുന്നു.