പൂഞ്ഞാറിൽ ഉണങ്ങിയ പാഴ്മരം അപകടഭീഷണിയായി
1436810
Wednesday, July 17, 2024 10:49 PM IST
പൂഞ്ഞാർ: പൂഞ്ഞാർ സ്റ്റാൻഡിനു സമീപം അപകടഭീഷിണിയുയർത്തി നിൽക്കുന്ന ഉണങ്ങിയ മരം അടിയന്തരമായി വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സ്റ്റാൻഡിനോട് ചേർന്ന് ഉണങ്ങിനിൽക്കുന്ന പാഴ്മരമാണ് ജനങ്ങൾക്കു ഭീഷണിയായത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയിലാണ് ഉണങ്ങിയ മരം നിൽക്കുന്നത്. കാറ്റത്ത് ശിഖരങ്ങൾ ഒടിഞ്ഞു വീണ് അപകടങ്ങൾ ഉണ്ടാകുന്നു. ഹോമിയോ ഹോസ്പിറ്റലും റേഷൻകടയും ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും നിലനിൽക്കുന്ന സ്ഥലത്ത് അപകടഭീഷണിയായി ഉണങ്ങി നിൽക്കുന്ന പാഴ്മരം വെട്ടി മാറ്റിയില്ലെങ്കിൽ വലിയ അപകടം വിളിച്ചു വരുത്തുന്നതായിരിക്കും.
പഞ്ചായത്ത് അധികൃതർ അടിയന്തരമായിശ്രദ്ധ ചെലുത്തി മരം വെട്ടിമാറ്റി ജനങ്ങൾക്കുള്ള ഭീഷണി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം കർഷക കോൺഗ്രസ് ശക്തമായ സമരപരിപാടികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുമെന്നും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.സി. വർക്കി മുതിരേന്തിക്കൽ അറിയിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പുത്തൻപുര അധ്യക്ഷത വഹിച്ചു.