പാമ്പാടിയിൽ ഹരിതകർമസേന താത്കാലിക ഗോഡൗണിനു പുറത്ത് കൂട്ടിയിട്ട മാലിന്യം നീക്കി
1436897
Thursday, July 18, 2024 2:15 AM IST
പാന്പാടി: ദീപിക വാർത്ത ഫലം കണ്ടു. പാമ്പാടി ടൗണിൽ ഹരിതകർമ സേനയുടെ താത്കാലിക ഗോഡൗണിന് പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ ചാക്കുകൾ നീക്കം ചെയ്തു. നാട്ടിലെ വേസ്റ്റ് മുഴുവൻ പാമ്പാടി ടൗണിൽ കൂട്ടുന്നു, കൊതുവളർത്തൽ കേന്ദ്രമായി ഹരിത കർമ സേനയുടെ താത്കാലിക ഷെഡ് എന്ന രീതിയിൽ ചിത്രം സഹിതം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത നാട്ടിൽ ചർച്ചയായതിനെത്തുടർന്ന് ഇന്നലെയാണ് മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തത്.
പഞ്ചായത്തിന്റെ 20 വാർഡുകളിൽനിന്നു ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കൾ മിനി സിവിൽ സ്റ്റേഷനും ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും ഇടയ്ക്കുള്ള പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച താത്കാലിക ഷെഡിലാണ് നിക്ഷേപിച്ചുകൊണ്ടിരുന്നത്. റീസൈക്ലിംഗിന് ഇത് എടുത്തുകൊണ്ടിരുന്നവർ വരാതായതോടുകൂടി ഷെഡിന്റെ സംഭരണശേഷി കവിഞ്ഞ് പരിസരത്ത് കുന്നുകൂടി കൊതുകും ഇഴജന്തുക്കളും പെരുകുകയായിരുന്നു.