ഡിജി കേരളം പദ്ധതിയുടെ വിവരശേഖരണം ഇന്നു മുതൽ
1438220
Monday, July 22, 2024 7:34 AM IST
കുറവിലങ്ങാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം സമ്പൂണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്തിൽ വിവരശേഖരണം ഇന്നു തുടങ്ങും. 30 കുടുംബങ്ങൾക്ക് ഒരു വോളണ്ടിയർ എന്ന നിലയിലും 20 പഠിതാക്കൾക്ക് ഒരു പരിശീലകൻ എന്ന നിലയിലും സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
14 വയസിന് മുകളിലും 65 വയസിനു താഴെയുമുള്ള മുഴുവൻ ആളുകളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വോളണ്ടിയേഴ്സ് പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ടെസി സജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്സ്, സെക്രട്ടറി എൻ. പ്രദീപ് എന്നിവർ പ്രസംഗിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുനീഷ് രാജ്, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ അലീഷ് മോഹൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.