ജോണ്‍ വി. സാമുവല്‍ ജില്ലാ കളക്ടറായി ചുമതലയേറ്റു
1438261
Monday, July 22, 2024 10:58 PM IST
കോട്ടയം: കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കളക്ടറേറ്റില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ശിരസ്തദാര്‍ എസ്.എന്‍. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
എഡിഎമ്മില്നിന്നാണു ചുമതലയേറ്റത്. 2015 ഐഎഎസ് ബാച്ചുകാരനാണു തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണു കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കളക്ടർ ജോണ്‍ വി. സാമുവല്‍ ദീപികയോട്:
4കോട്ടയം അക്ഷരങ്ങളുടെ നഗരമാണ് സമാധാന പ്രിയരും സൗഹൃദരുമാണ്. സൗഹാർദപരവും സമാധാനപരവുമായ അന്തരീക്ഷം നിലനിര്‍ത്താനായി ശ്രമിക്കും.
4സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവ വേഗത്തില്‍ നടപ്പിലാക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനായി ശ്രമിക്കും.
4ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് വിനോദത്തിനും ചികിത്സയ്ക്കുമുള്ള പദ്ധതികള്‍ നടപ്പാക്കും. മക്കളും ബന്ധുക്കളും വിദേശത്തായതിനാല്‍ വീടുകളില്‍ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറില്‍, പ്രത്യേകിച്ചു ജില്ലയില്‍ കൂടുതലാണ്. ഇവര്‍ക്കു വിനോദത്തിനും സാന്ത്വനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുള്ള പദ്ധതികളാണ് മനസിലുള്ളത്.
4വിനോദ സഞ്ചാര വികസനത്തില്‍ വലിയ സാധ്യതകളാണുള്ളത്. മുമ്പ് കളക്ടറായിരുന്ന ആലപ്പുഴയിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തിയും തീര്‍ഥാടന കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയും പദ്ധതികള്‍ നടപ്പിലാക്കും.
4സ്ഥാനമൊഴിഞ്ഞ കളക്ടര്‍ വിഗ്നേശ്വരി ജില്ലയിലെ വിദ്യാര്‍ഥികള്‍ മയക്കുമരുന്നിന് അടിമപ്പെടുന്നതായി സൂചിപ്പിച്ചിരുന്നു. പോലീസ്, എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ബോധവത്കരണവും തെറ്റായ ശീലങ്ങളില്‍നിന്നു യുവാക്കളെ മോചിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കും.