കേന്ദ്രബജറ്റില്‍ കോട്ടയത്തിനു പ്രതീക്ഷയേറെ
1438262
Monday, July 22, 2024 10:58 PM IST
കോട്ടയം: ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ജില്ലയ്ക്ക് പ്രതീക്ഷകളേറെ. കൃഷിയും ഗതാഗതവുമാണ് കോട്ടയത്തിന്റെ പ്രതീക്ഷ. 25 വര്‍ഷമായുള്ള കാത്തിരിപ്പാണ് ശബരി റെയില്‍വെ. മുന്‍ ബജറ്റുകളില്‍ വകയിരുത്തിയ തുക ഏറെയും ലാപ്സായി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് അര്‍ഹമായ വിഹിതം നല്കിയാല് കേന്ദ്രം ശബരി പദ്ധതിക്ക് തയാറാണ്. തീര്‍ഥാടകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ശബരി പദ്ധതി ഗുണം ചെയ്യും. അങ്കമാലിയില്‍നിന്ന് എരുമേലിവരെയുള്ള റെയില്‍ പദ്ധതിയിൽ നിലവില്‍ കാലടി സ്റ്റേഷനും അതുവരെ പാളവും പെരിയാറിനു കുറുകെ പാലവും നിര്‍മിച്ചിട്ടുണ്ട്.
എറണാകുളം- കോട്ടയം- തിരുവനന്തപുരം റൂട്ടില്‍ ഇരട്ടപ്പാത വരികയും കോട്ടയം ഉള്‍പ്പെടെ സ്റ്റേഷനുകളില്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തെങ്കിലും പുതിയ ട്രെയിനുകളൊന്നും വന്നിട്ടില്ല. ഓരോ ദിവസവും തിരക്ക് വര്‍ധിക്കുകയാണ്. മിക്ക വണ്ടികളിലും രണ്ടു മാസംവരെ വെയിറ്റിംഗ് ലിസ്റ്റ് നിലനില്ക്കുന്നു. കൂടുതല്‍ മെമു വണ്ടികളും ബംഗളൂരു, ഡല്‍ഹി, ഗോഹട്ടി തുടങ്ങിയ റൂട്ടുകളില്‍ ദീര്‍ഘദൂര വണ്ടികളും വേണം. അതിഥി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുമ്പോഴും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പുതിയ വണ്ടികള്‍ ലഭിച്ചിട്ടില്ല. ബംഗാളിലേക്കു മാത്രം ഒന്നിലേറെ പുതിയ വണ്ടികള്‍ ആവശ്യമാണ്.
കൊല്ലം-തേനി-ദിണ്ടിഗല്‍ ദേശീയ പാതയില്‍ കോട്ടയം മുതല്‍ കുമളിവരെ റോഡ് വികസനം അനിവാര്യമാണ്. എരുമേലി, ശബരിമല റൂട്ടുകളിലെ നിര്‍ദിഷ്ട റോഡുകള്‍ക്കും തുക പ്രതീക്ഷിക്കുന്നു.
റബര്‍ ബോര്‍ഡിനുള്ള വിഹിതത്തില്‍ വര്‍ധനവുണ്ടാകാതെ ചെറുകിട കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ല. റബര്‍ താങ്ങുവിലയും കൃഷിസഹായവും പ്രതീക്ഷിക്കുന്നു.
കാര്‍ഷികോത്പന്നങ്ങളായ റബറിനും നെല്ലിനും നാളികേരത്തിനും ന്യായവില ഉറപ്പാക്കേണ്ടതുണ്ട്. നഷ്ടവും ബാധ്യതയും കൂടിയതോടെ നെല്ല്, റബര്‍ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്തിരിയുകയാണ്. പരുത്തി, കരിമ്പ്, എണ്ണക്കുരു കര്‍ഷകര്‍ക്ക് നല്കുന്ന പരിഗണന റബറിനും നെല്ലിനും ലഭിക്കുന്നില്ല.