ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയില്‍ ഉള്‍പ്പെടുത്തണമെന്ന്
1438518
Tuesday, July 23, 2024 10:05 PM IST
പാലാ: ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങളെ ടൂറിസം മാപ്പ് ഓഫ് ഇന്ത്യയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് മാണി സി. കാപ്പന് എംഎല്‍എ നിവേദനം സമര്‍പ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി യും ഒപ്പമുണ്ടായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെയും പില്‍ഗ്രിം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്. പാലാ നിയോജകമണ്ഡലത്തിലെ ഈ രണ്ട് സ്ഥലങ്ങളും ഹൈറേഞ്ച് ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാല്‍ ജില്ലയ്ക്ക് ആകമാനം വലിയ നേട്ടമാണുണ്ടാകുന്നതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി.
നിയമസഭയില്‍ മാണി സി. കാപ്പന്റെ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അനുകൂലമായി പ്രതികരിച്ച കാര്യവും എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടവും ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ഇടപ്പാടി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ സന്ദര്‍ശിക്കാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 3500 അടിയോളം ഉയരത്തിലുള്ള ഇല്ലിക്കല്‍ കല്ലിലും ഇലവീഴാപൂഞ്ചിറയിലും സിനിമ ഷൂട്ടിംഗിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ വിഷയം അടിയന്തരമായി പഠിക്കുമെന്നും അനുഭാവപര്വം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി എംപിയും എംഎല്‍എയും പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെക്കാവത്തിനും നേരിട്ട് നിവേദനം സമര്‍പ്പിക്കുമെന്ന് മാണി സി.കാപ്പന് എംഎല്‍എ അറിയിച്ചു.