കേന്ദ്ര ബജറ്റില്‍ കോട്ടയത്തിന് നിരാശ
1438528
Tuesday, July 23, 2024 10:49 PM IST
കോട്ടയം: കേന്ദ്ര ബജറ്റില്‍ കോട്ടയത്തിന് നിരാശ ബാക്കി. എണ്ണിപ്പറയാന്‍ വികസനപദ്ധതികളൊന്നുമില്ല.
റബര്‍ ബോര്‍ഡിന് മുന്‍വര്‍ഷത്തേക്കാള്‍ 55 കോടി രൂപ അധികം ലഭിച്ചു. അതായത് 320 കോടി രൂപ. റബര്‍ വിലസ്ഥിരതാപദ്ധതിയോ സാമ്പത്തിക സഹായമോ പ്രഖ്യാപിച്ചിട്ടില്ല. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതുള്‍പ്പെടെ നടപടിയുണ്ടാകാതെ ആഭ്യന്തര വിലയില്‍ സ്ഥിരതയുണ്ടാകില്ല. ആര്പിഎസുകള്ക്കും കാര്യമായ സഹായമുണ്ടാകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ റബറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിച്ചത്. ജോര്‍ജ് കുര്യന് മന്ത്രിയായതും കര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.
എന്നാല്‍, റബര്‍ ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം മാത്രമാണ് അനുവദിച്ചത്. ആകെ 320 കോടി രൂപയാണ് ബോര്‍ഡ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഈ തുക പര്യാപ്തമാകൂ. കഴിഞ്ഞ വര്‍ഷം 268 കോടി രൂപയാണ് ബോര്‍ഡിന് അനുവദിച്ചിരുന്നത്, എന്നാല്‍ പിന്നീട് വര്‍ധിപ്പിച്ച് 272 കോടി രൂപയായിരുന്നു.
റെയില്‍വേ, വിദ്യാഭ്യാസ മേഖലകളില്‍ പരിഗണന പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂടുതലായൊന്നും വകയിരുത്തിയിട്ടില്ല. നെല്ലിനും നാളികേരത്തിനും ബജറ്റില്‍ പ്രത്യേക നേട്ടമില്ല. ശബരി റെയില്‍വേയും ശബരി എയര്‍പോര്‍ട്ടും ജില്ലയുടെ വികസന പ്രതീക്ഷകളായിരുന്നു. ശബരി എയര്‍പോര്‍ട്ടിന് പരിസ്ഥിതി വകുപ്പിന്റെ ഉള്‍പ്പെടെ അനുമതികള്‍ ഇനിയും ലഭിച്ചില്ല. അങ്കമാലിയില്‍നിന്ന് എരുമേലിവരെ ട്രെയിന്‍ യാത്രയെന്ന പ്രതീക്ഷയ്ക്ക് 25 വര്‍ഷത്തെ പഴക്കമുണ്ട്. കുമരകം ഉള്‍പ്പെടെ ടൂറിസം വികസനത്തിനും സഹായമില്ല. വലിയ പ്രതീക്ഷകളാണ് റെയില്‍വേ രംഗത്ത് പ്രതീക്ഷിച്ചിരുന്നത്. കേരളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളിലൊന്നാണ് കോട്ടയം. പുതിയ വണ്ടികളും സ്റ്റേഷന് നവീകരണവുമൊന്നും ലഭിച്ചില്ല.
കടുത്ത അവഗണനയെന്ന്
ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. റബറിന് പ്രത്യേക സംരക്ഷണം എന്ന നിലയില്‍ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. ഇതുസംബന്ധിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല. കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.
ദേശീയതലത്തില്‍ കര്‍ഷര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ പ്രതീക്ഷിച്ച ഒരു ആനുകൂല്യവും ബജറ്റിലില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവില സ്വാമിനാഥന് കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സി2+ 50 ശതമാനം എന്ന നിലയില്‍ നിയമ നിര്‍മാണം നടത്തുമെന്നുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായില്ല. റെയില്‍വേ മൂന്നാംപാത ഉള്‍പ്പെടെയുള്ള വികസന കാര്യങ്ങളിലും പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും എംപി പറഞ്ഞു.