സ്നേഹദീപം മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
1438535
Tuesday, July 23, 2024 10:49 PM IST
അകലക്കുന്നം: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥമുഖം ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സ്നേഹദീപം പദ്ധതിപ്രകാരമുള്ള മുപ്പത്തിയേഴാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ അധികാരികള്‍ നല്കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കെഴുവംകുളം എന്‍എസ്എസ് ഹൈസ്കൂളിലെ 1990-91 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ സ്നേഹവീടിന്റെ തറയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ മേരി മൗണ്ട് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ജോസ്മോന് മുണ്ടയ്ക്കല്‍, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മോളി അഗസ്റ്റിന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, അകലക്കുന്നം പഞ്ചായത്ത് മെംബര്‍മാര്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.