ദേശീയപാതയിലെ ദിശാ ബോർഡുകളും ബാരിക്കേഡുകളും മറച്ചു കാട്ടുവള്ളികൾ
1438538
Tuesday, July 23, 2024 10:49 PM IST
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ 35ാംമൈൽ മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്തെ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകളും ബാരിക്കേഡുകളും കാടുപടലങ്ങൾ കൊണ്ട് മൂടി. ഒട്ടുമിക്ക ഇടങ്ങളിലും അപകടങ്ങൾ ഒഴിവാക്കുവാനായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ പയർവള്ളി കൊണ്ട് മൂടിയ നിലയിലാണ്.
മുൻകാലങ്ങളിൽ ഓരോ ഇടവേളകളിലും റോഡിന്റെ വശങ്ങളിലെ കാടുകൾ വെട്ടിമാറ്റി വാഹന യാത്രയും കാൽനടയാത്രയും സുഗമമാക്കിയിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് റോഡിലെ കളനീക്കം ചെയ്ത ഇനത്തിൽ വൻതുകയുടെ ക്രമക്കേട് നടന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. പാതയോരത്തെ കാട് വെട്ടി മാറ്റാതെ ഈ ഇനത്തിൽ ദേശീയപാത വിഭാഗം വൻതുക ചെലവഴിച്ചെന്ന കണക്കും പുറത്തുവന്നിരുന്നു. ഇതു വലിയ വിവാദങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം പാതയുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ വെട്ടിമാറ്റുവാൻ ദേശീയപാത വിഭാഗം തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
കൊടും വളവും കുത്തിറക്കവുമുള്ള റോഡിൽ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സിഗ്നൽ ലൈറ്റുകളുടെ അഭാവം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നയിടങ്ങളിൽ അപകട സൂചന ലൈറ്റുകൾ സ്ഥാപിച്ചു.
രാത്രികാലങ്ങളിൽ കോടമഞ്ഞ് ഇറങ്ങുന്നതോടെ മേഖലയിലൂടെയുള്ള വാഹന യാത്രദുഷ്കരമാകും. വഴി പരിചയമില്ലാത്ത വാഹന ഡ്രൈവർമാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കാട് വളർന്നുനിൽക്കുന്നതുമൂലം പകൽ സമയങ്ങളിൽ റോഡിന്റെ വശത്തുകൂടിയുള്ള കാൽനടയാത്രപോലും അസാധ്യമാണ്.
കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ ഉണ്ടായിട്ടുള്ളത്. ക്രാഷ് ബാരിയറുകളിലും സിഗ്നൽ ലൈറ്റുകളിലുമുള്ള കാടുപടലങ്ങൾ വെട്ടി മാറ്റിയാൽ ഒരു പരിധിവരെ മേഖലയിലെ യാത്ര അപകടരഹിതമാക്കുവാൻ സാധിക്കും.