ആരോഗ്യവകുപ്പ് പരിശോധന നടത്തി
1438540
Tuesday, July 23, 2024 10:49 PM IST
എരുമേലി/മണിമല: ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പരിശോധക സ്ക്വാഡ് എരുമേലിയിലും മണിമലയിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കടകളിൽ പരിശോധന നടത്തി.
ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും പ്രവർത്തിച്ച ആറ് കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകിയെന്ന് പരിശോധക സംഘം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സ്ഥാപനങ്ങളുടെ ശുചിത്വം, പരിസര ശുചിത്വം, ഹെൽത്ത് കാർഡ്, കുടിവെള്ള സാമ്പിൾ പരിശോധന, തുടങ്ങിയവ സംബന്ധിച്ച് നിർദേശങ്ങളും നൽകി.
എരുമേലി ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, കാഞ്ഞിരപ്പള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. തെരേസിലിൻ ലൂയിസ്, മണിമല പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. സിന്ധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ബി. സുബി മോൾ, ടി.എസ്.നൗഷാദ് , പി.എസ്. ഷിജാസ്, രേഖ ശങ്കർ, മണിമലപഞ്ചായത്ത് നാലാം വാർഡ് മെംബർ സിറിൽ തോമസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.