കാഴ്ച മറച്ച് കാട്: ആലാംപള്ളി - മാന്തുരുത്തി റോഡിൽ അപകടം തുടർക്കഥ
1444334
Monday, August 12, 2024 7:21 AM IST
പാമ്പാടി: നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ആലാംപള്ളി - മാന്തുരുത്തി റോഡിൽ വാഹനയാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയായി ഇരുവശവും കാടുകൾ കയറിക്കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.
ആലാംപള്ളി ജംഗ്ഷനിൽനിന്നു മാന്തുരുത്തി റോഡിലെ ആദ്യവളവിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്ന് നിൽക്കുന്ന കാടുകൾ കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാണ്.
പാതയുടെ ഇരുവശവും കാട് വളർന്നതിനാൽ കാൽനട യാത്രക്കാർ, ടാർ റോഡിലൂടെ കയറിയാണ് നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച റോഡിലൂടെ നടന്നുവരികയായിരുന്ന യാത്രികനെ ബൈക്ക് ഇടിച്ചിരുന്നു.
അപകടത്തിൽ നിസാര പരിക്കുകളോടെ ഇലക്കൊടിഞ്ഞി സ്വദേശി രമേശ് രക്ഷപ്പെട്ടു. നിരവധി അപകടങ്ങളാണ് ഈ റോഡിൽ നടക്കുന്നത്. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചു. എത്രയും വേഗം കാട് വെട്ടിത്തെളിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.