തെക്കുംകൂര്‍ രാജഭരണത്തിന്റെ സ്മാരകം: ചങ്ങനാശേരി ഗവ. സ്കൂള്‍ കെട്ടിടം വിസ്മൃതിയിലേക്ക്
1444341
Monday, August 12, 2024 7:33 AM IST
ചങ്ങനാശേരി: ഒന്നരനൂറ്റാണ്ട് മുമ്പ് തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ച ചരിത്രസ്മാരകമായ ചങ്ങനാശേരി ഗവ. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികള്‍ തുടരുന്നു. ആദ്യകാലങ്ങളില്‍ കച്ചേരിയായി (കോടതി) പ്രവര്‍ത്തിച്ച ഈകെട്ടിടം പിന്നീട് സ്കൂളായി മാറുകയുമായിരുന്നു.
എലിമെന്ററി സ്കൂളായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട് ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയുമായി ഉയര്‍ന്ന ഈ വിദ്യാലയം ചങ്ങനാശേരിയുടെ അഭിമാന കലാലയംകൂടിയാണ്.
പൗരാണികതയുടെ മാസ്മരിക നിര്‍മാണ രീതിയും തേക്കിന്‍തടിയില്‍ തീര്‍ത്ത തൂണുകളും വാസ്തുവിദ്യയും രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്. കാവില്‍ ഭഗവതി ക്ഷേത്രവും പ്രശസ്തമായ ചിത്രകുളവും പോലെ തെക്കുംകൂര്‍ രാജവംശത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് ഈ സ്കൂള്‍ കെട്ടിടം.
സ്കൂളങ്കണത്തിലെ കിണറ്റില്‍നിന്നു കാവില്‍ ക്ഷേത്രത്തിനു സമീപത്തുള്ള കൊട്ടാരത്തിലേക്കും ചിത്രകുളത്തിലേക്കും തുരങ്കപാത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വിവിധ മേഖലകളില്‍ പ്രശസ്തരും പ്രഗല്ഭരുമായ ഒട്ടേറെയാളുകളെ സംഭവാന ചെയ്ത വിദ്യാലയമാണിത്. സ്കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നത്.
ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഇതിനായി ആദ്യഘട്ടമായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.