കുറവിലങ്ങാട്: രാജ്യത്തെ മികച്ച 150 കോളജുകളുടെ പട്ടികയില്‍ ഇടംപിടിച്ച് കുറവിലങ്ങാട് ദേവമാതാ കോളജ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കിലാണ് ദേവമാതായുടെ നേട്ടം. പഠന ബോധന സൗകര്യങ്ങള്‍, ഗവേഷണവും വൈദഗ്ധ്യ പരിശീലനവും, പരീക്ഷാഫലങ്ങള്‍, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തന പങ്കാളിത്തം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.
നാക് ഗ്രേഡിംഗില്‍ 3.67 സ്കോറോടെ എ പ്ലസ് പ്ലസ് കരസ്ഥമാക്കിയ കോളജിനു വജ്രജൂബിലി വര്‍ഷത്തില്‍ ലഭിച്ച വലിയ അംഗീകാരമാണിത്. ഡോ. ടീന സെബാസ്റ്റ്യനാണ് കോളജുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയി കവളമ്മാക്കല്‍, ബര്‍സാര്‍ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കോളജിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.