വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ ആറു വയസുകാരൻ ഒരുങ്ങുന്നു
1451699
Sunday, September 8, 2024 7:11 AM IST
വൈക്കം: വേമ്പനാട്ട് കായൽ നീന്തി കീഴടക്കാനൊരുങ്ങി ആറു വയസുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, രഞ്ജുഷ ദമ്പതികളുടെ മകൻ മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ എസ്. നായരാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാൻ കായൽ നീന്തിക്കടക്കാൻ തയാറെടുക്കുന്നത്.
സഹോദരി ശ്രേയ നീന്തൽ പരിശീലിക്കാനാരംഭിച്ചപ്പോൾ കാണാൻ വന്ന ശ്രാവണിനും പിന്നീട് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ നീന്തൽ ആഭ്യസിച്ചു തുടങ്ങുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ശ്രാവൺ നീന്തലിൽ മികവ് പ്രകടിപ്പിച്ചു. ശക്തമായ ഒഴുക്കുള്ള മുവാറ്റുപുഴയാറിലാണ് ശ്രാവൺ പരിശീലനം പൂർത്തിയാക്കിയത്.
14നാണ് വേമ്പനാട്ട്കായലിലെ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽനിന്നു കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേയ്ക്കുള്ള ഏഴു കിലോമീറ്റർ ദൂരം ശ്രാവൺ നീന്തി കടക്കാൻ ഒരുങ്ങുന്നത്. വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്- വൈക്കം പ്രദേശം. ആദ്യമായാണ് ഏഴു കിലോമീറ്റർ കായൽ ദൂരം ഒരു ആറുവയസുകാരൻ നീന്താനൊരുങ്ങുന്നത്.
ഇതുവരെയുള്ള റിക്കാർഡ് 4.5 കിലോമീറ്ററാണ്. ഡോൾഫിൻ അക്വാട്ടിക് ക്ലബ് വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ട് കായൽ നീന്തികയറി റിക്കാർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ താരമാണ് ശ്രാവൺ. കാലാവസ്ഥ അനുകൂല മാണെങ്കിൽ ശ്രാവൺ ഒന്നര മണിക്കൂർ കൊണ്ട് കായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു.